ന്യൂഡല്‍ഹി: ടെലികോം രംഗത്ത് ഓഫര്‍ പെരുമഴയുമായി രംഗത്ത് വന്ന റിലയന്‍സിന്റെ ജിയോയെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് മറ്റ് കമ്പനികള്‍. ജിയോയോട് കിടപിടിക്കാന്‍ പുതിയ ഓഫറുമായി രംഗത്ത് വരികയാണ് എയര്‍ടെല്‍. 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നാണ് ടെലികോം ബ്ലോഗറായ സഞ്ജയ് ബഫ്ന ട്വീറ്റ് ചെയ്തത്.

ദിവസേന 1 ജിബി നിരക്കില്‍ 70 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. അതായത് വെറും 399 രൂപ റീച്ചാര്‍ജില്‍ 70 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിനൊപ്പമാണ് ഈ ഓഫര്‍ ലഭ്യമാകുക.

എയര്‍ടെലിന്റെ 4ജി സിം ഉപയോഗിക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല. മൂന്ന് മാസത്തെ സൗജന്യ സമ്മർ ഓഫറുകള്‍ പിൻവലിക്കാൻ നിര്‍ബന്ധിതരായതോടെ ധന്‍ ധനാ ധന്‍ എന്ന പേരില്‍ പുതിയ ഓഫറുകള്‍ ജിയോ മുന്നോട്ട് വെച്ചിരുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നല്‍കിയ നിര്‍ദേശപ്രകാരം ഓഫറുകള്‍ പിന്‍വലിച്ചെങ്കിലും കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുമായി പുതിയ താരിഫ് പാക്കുകളാണ് ജിയോ പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായാണ് എയര്‍ടെലിന്റെ ഓഫറെന്നാണ് വിവരം.

2016 സെപ്തംബര്‍ അഞ്ചിനാണ് ജിയോ സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ടെലികോം സര്‍വ്വീസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം ആരംഭിക്കുന്നത്. അന്ന് ‘വെല്‍കം’ ഓഫര്‍’ എന്ന പേരില്‍ ഡിസംബര്‍ അവസാനം വരെ സൌജന്യ സേവനം നല്‍കാനായിരുന്നു ജിയോയുടെ തീരുമാനം.

ഡിസംബറില്‍, ‘ജിയോ ഹാപി ന്യൂ ഇയര്‍’ ഓഫര്‍ എന്ന പേരില്‍ മാര്‍ച്ച് 31 വരെ ഈ ഓഫറിനെ വലിച്ചുനീട്ടി. ഒടുവില്‍, മാര്‍ച്ചില്‍ പ്രഖ്യാപിച്ച ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ ആണ് ട്രായ് ഇടപെട്ട് നീക്കം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ