ഇന്ത്യയിലെ സ്വകാര്യ ടെലികോം സേവനദാതാക്കളിൽ പ്രമുഖരാണ് എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നീ കമ്പനികൾ. കുറഞ്ഞ വിലയിൽ കൂടുതൽ സേവനങ്ങൾ നൽകാൻ പരസ്പരം മത്സരിക്കുകയാണ് ഈ മൂന്ന് കമ്പനികളും. ഈ മത്സരങ്ങൾ ഉപഭോക്താക്കൾക്ക് ഗുണകരമാകുമോ എന്ന് പരിശോധിക്കാം. 400 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് പരിചയപ്പെടുത്തുന്നത്.
അടുത്തിടെ എയർടെല്ലും, വോഡഫോണും അവരുടെ പ്രീപെയഡ് കോമ്പോ പ്ലാൻ നവീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ കുറഞ്ഞ തുകയ്ക്ക് ലഭിക്കും.
എയർടെൽ 399 പ്രീപെയ്ഡ് പ്ലാൻ
അടുത്തിടെ നവീകരിച്ച 399 രൂപയുടെ കോമ്പോ പ്ലാനിലൂടെ 1 ജിബി ഡാറ്റ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കും. മുമ്പ് 1.4ജിബി ഡാറ്റ 70 ദിവസത്തെ കാലാവധിയിലാണ് ലഭിച്ചിരുന്നത്. ഈ റീചാർജിലൂടെ 84ജിബി ഡാറ്റ 4ജി/3ജി/ജി നെറ്റ്വർക്കിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ലോക്കൽ, എസ്റ്റിഡി കോളുകൾ, ദിവസേന 100 സൗജന്യ എസ്എംഎസ്, എയർടെൽ ടിവി, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.
റിലയൻസ് ജിയോ 399 പ്രീപെയ്ഡ് പ്ലാൻ
ഈ റീചാർജ് പ്ലാനിലൂടെ ഉപഭോക്താവിന് 1.5 ജിബി 4ജി ഡാറ്റയും, അൺലിമിറ്റഡ് കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ഇത്തരത്തിൽ 126ജിബി ഡാറ്റ ഉപഭോക്താവിന് ലഭിക്കും. ഇത് കൂടാതെ റിലയൻസ് ജിയോയുടെ ആപ്പുകളായ ജിയോ ടിവി, ജിയോ മണി എന്നിവയും സൗജന്യമായി ഉപയോഗിക്കാനാകും. 1.5ജിബി ഡാറ്റയിൽ കൂടുതൽ ഉപയോഗിക്കുന്നവരുടെ നെറ്റ്വർക്കിന്റെ വേഗത 64കെബിപിഎസായി പരിമിതപ്പെടുത്തും. ഈ ഓഫർ ലഭിക്കണമെങ്കിൽ 99 രൂപയുടെ ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കണം.
വോഡഫോൺ 399 പ്രീപെയ്ഡ്
മറ്റു സേവനദാതാക്കളെ പോലെ വോഡഫോണിനും 399 രൂപയുടെ റീചാർജ് പ്ലാനുണ്ട്, ബോണസ് കാർഡ് റീചാർജ് എന്നാണ് വോഡഫോൺ ഈ റീചാർജിന് പേരിട്ടിരിക്കുന്നത്. ഇതിലൂടെ 4ജി/3ജി/2ജി നെറ്റ്വർക്കിൽ 1 ജിബി ഡാറ്റ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കും. കൂടാതെ ദിവസേന 100 എസ്എംഎസ്, അൺലിമിറ്റഡ് ലോക്കൽ, എസ്റ്റിഡി, റോമിങ് കോളുകളും, വോഡഫോണിന്റെ ലൈവ് ടിവി, ഓൺലൈൻ ആപ്പുകളും ലഭിക്കും.
വോഡഫോണിന്റ അൺലിമിറ്റഡ് കോളിങ്ങിന് ചില പരിധികൾ കമ്പനി നിശ്ചയിച്ചിട്ടുണ്ട്. ദിവസേന 250 മിനിറ്റും, ആഴ്ചയിൽ 1,000 മിനിറ്റുമാണ് വോയ്സ് കോളുകൾ ചെയ്യാനാവുക.