മുംബൈ: സൗജന്യ സേവനങ്ങൾ റിലയൻസ്​ ജിയോ തുടരുമെന്ന്​ പ്രഖ്യാപിച്ചതിന് പിന്നാലെ​ കിടപിടിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. 100 രൂപക്ക്​ ഒരു മാസത്തേക്ക്​ 10 ജിബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​.

പോസ്​റ്റ്​പെയ്​ഡ്​​ ഉപഭോക്​താകൾക്കാണ്​ ഓഫർ ലഭ്യമാകുക. 303 രൂപക്ക്​ 30 ജിബി ഡാറ്റയാണ്​ ജിയോ നൽകുന്നത്​. ​ഈ ഓഫർ പ്രകാരം കോളുകളും മെസേജുകളും പരിപൂർണ സൗജന്യമാണ്​.

ഈ വർഷം ഏപ്രിൽ ഒന്നു മുതലാണ് ജിയോയുടെ പുതിയ താരിഫ് പ്ലാൻ പ്രാബല്യത്തിൽ വരിക. ജിയോ വരിക്കാർക്ക് ഇന്ത്യയ്‌ക്ക് അകത്ത് എല്ലാ വോയ്‌സ് കോളുകളും സൗജന്യമായി തുടരും. ഇതിനായി റോമിങ് ചാർജ് ഈടാക്കില്ലെന്നും റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ മുകേഷ് അംബാനി അറിയിച്ചു. 2017 മാർച്ച് 31 വരെയായിരുന്നു നേരത്തെ സൗജന്യ ഓഫർ പ്രഖ്യാപിച്ചിരുന്നത്.

ജിയോയുടെ പ്രൈം വരിക്കാരാകാനുളള കാലാവധി മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ജിയോ വരിക്കാരായിട്ടുളളവർക്കും പുതിയതായി മാർച്ച് 31വരെ വരിക്കാരാകുന്നവർക്കും 4 ജി സേവനം ലഭ്യമാകാൻ 99 രൂപയ്‌ക്ക് ഒരു വർഷത്തേക്കുളള പ്ലാൻ സബ്‌സ്ക്രൈബ് ചെയ്യണം.

ജിയോ പ്രൈം വരിക്കാർക്ക് ഇപ്പോൾ 4 ജി സേവനം ലഭിക്കുന്ന അൺലിമിറ്റഡ് ന്യൂ ഇയർ ഓഫർ ഏപ്രിൽ ഒന്നു മുതൽ എല്ലാ മാസവും 303 രൂപ അടച്ച് ഒരു വർഷത്തേക്ക് തുടരാം. അതായത് ഒരു ദിവസം 10 രൂപ നിരക്കിലാകും ഇത്. ജിയോ പ്രൈം വരിക്കാർക്കുളള മറ്റ് പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും മൈ ജിയോ ആപ്പിലൂടെ ഇവ ലഭ്യമാകുമെന്നും മുകേഷ് അംബാനി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ