ന്യൂഡൽഹി: ജിയോ ഫോണിന്റെ വെല്ലുവിളിയെ മറികടക്കാൻ പുതിയ പദ്ധതിയുമായി എയർടെല്ലും പ്രമുഖ ഫോൺ നിർമ്മാതാക്കളായ കാർബണും കൈകോർക്കുന്നു. നിങ്ങളുടെ ആദ്യത്തെ 4ജി സ്മാർട്ഫോൺ (യുവർ ഫസ്റ്റ് 4ജി സ്മാർട്ട്ഫോൺ) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

കാർബണിന്റെ എ40 മോഡൽ സ്മാർട്ഫോണാണ് ഇതുവഴി ഉപഭോക്താക്കൾക്ക് നൽകുക.  ഇതിന് 2899 രൂപ നൽകണം. എന്നാൽ ഇതിൽ 1500 രൂപ ആദ്യത്തെ 36 മാസങ്ങൾക്കുള്ളിൽ ഉപഭോക്താവിന് തന്നെ തിരികെ ലഭിക്കും. പണം തിരികെ ലഭിക്കുന്നതിനായി ഫോൺ കമ്പനിക്ക് മടക്കി നൽകേണ്ടതില്ല. എയർടെല്ലിന്റെ 169 രൂപ പ്ലാനടക്കമോ, അതില്ലാതെയോ ഫോൺ വാങ്ങാം. 169 രൂപ പ്ലാനിൽ ഉപഭോക്താവിന് കോളുകൾ സൗജന്യമായിരിക്കും. പ്രതിദിനം 500 എംബി ഇന്റർനെറ്റ് ഡാറ്റ 28 ദിവസത്തേക്ക് ആസ്വദിക്കാം. അടുത്ത 36 മാസത്തേക്ക് ഈ പ്ലാൻ ഇതേ നിലയിൽ ആസ്വദിക്കാനാവും.

18 മാസം കഴിഞ്ഞാൽ ഉപഭോക്താവിന് കമ്പനി 500 രൂപ മടക്കി നൽകും. 1000 രൂപ 36 മാസത്തിന് ശേഷമാണ് ലഭിക്കുക. 169 രൂപ പ്ലാൻ എടുക്കാത്ത ഉപഭോക്താക്കൾക്ക് 500 രൂപ മടക്കി ലഭിക്കണമെങ്കിൽ ആദ്യ 18 മാസത്തിനുള്ളിൽ 3000 രൂപയ്ക്ക് റീചാർജ് ചെയ്യണം. അടുത്ത 18 മാസവും 3000 രൂപയ്ക്ക് റീചാർജ് ചെയ്താലാണ് 1000 രൂപയും തിരികെ ലഭിക്കുക.

മറ്റ് ഉപഭോക്താക്കൾക്ക് ഉള്ള 169 പ്ലാനിൽ 500 എംബി ഡാറ്റ 14 ദിവസത്തേക്കാണ് എയർടെൽ നൽകുന്നത്.  കാർബൺ എ 40 ഫോണിൽ ഏത് കമ്പനിയുടെ സിം കാർഡും ഉപയോഗിക്കാനാകുമെന്ന ആനുകൂല്യവും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ