ജിയോ ഓഫറുകളെ എന്തു വിധേനയും നേരിടാനുളള തന്ത്രപ്പാടിലാണ് പ്രധാന ടെലികോം കമ്പനികൾ. ഇതിനായി ഇടയ്ക്കിടെ പല ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. എയർടെൽ ഇത്തവണ ഹോളിഡേ സർപ്രൈസ് ഓഫറാണ് പ്രഖ്യാപിച്ചിട്ടുളളത്. മൂന്നുമാസത്തേക്ക് 30 ജിബി സൗജന്യമായി ലഭിക്കുന്നതാണ് ഈ ഓഫർ. മൈ എയർടെൽ ആപ് വഴിയാണ് ഓഫർ ലഭിക്കുയെന്ന് എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു.

ഓരോ മാസവും 10 ജിബിവരെ സൗജന്യമായി ലഭിക്കും. വേനലവധിക്കാം ആഘോഷമാക്കുന്നതിനാണ് എയർടെൽ ഓഫർ പ്രഖ്യാപിച്ചത്. എന്നാൽ വേനലവധി കഴിഞ്ഞും ഒരു മാസം കൂടി ഓഫർ ലഭിക്കും. ഏപ്രിൽ 30 വരെ മൈ എയർടെൽ ആപ്പിലൂടെ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇവയ്ക്കു പുറമേ റോമിങ്, രാജ്യാന്തര കോളുകൾക്കായി വൻതുകയും എയർടെൽ കുറച്ചിട്ടുണ്ട്.

297, 447 രൂപ താരിഫുകളിൽ രണ്ട് പ്ലാനുകളാണ് ഐഡിയ പുതുതായി അവതരിപ്പിച്ചത്. 297 രൂപയുടെ പ്ലാനിൽ ഐഡിയ ടു ഐഡിയ കോളുകൾ, ലോക്കൽ, എസ്ടിഡി ഉൾപ്പെടെ സൗജന്യമായി വിളിക്കാം. ദിവസം 300 മിനിറ്റ് വരെ സൗജന്യ കോളുകൾ ലഭ്യമാവും. പ്രതിദിനം 4ജി വേഗമുള്ള ഒരു ജിബി ഡേറ്റയും ലഭിക്കും. 70 ദിവസത്തേക്കാണ് ഈ ഓഫർ. വോയിസ് കോളുകൾ ആഴ്ചയിൽ 1200 മിനിറ്റായി നിയന്ത്രിച്ചിട്ടുണ്ട്.

447 രൂപയുടെ പ്ലാനിൽ മറ്റ് നെറ്റ്‍വർക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യനിരക്കിൽ വിളിക്കാം. പ്രതിദിനം 4ജി വേഗമുള്ള ഒരു ജിബി ഡേറ്റ വീതം 70 ദിവസം സൗജന്യമായി ലഭിക്കും. ആകെ 3000 മിനിറ്റാണ് ഈ പ്ലാനിൽ വോയിസ് കോളുകൾ ലഭിക്കുക. സൗജന്യപരിധി കഴിഞ്ഞാൽ മിനിറ്റിന് 30 പൈസ വീതം ഈടാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ