മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം പുറത്തിറക്കിയേക്കും. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും സൂചനയുണ്ട്. വോൾട്ട് സംവിധാനത്തോടെയാകും ഫോൺ ഇറങ്ങുന്നത്. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പ്രഖ്യാപനം. ബിസിനസ് സ്റ്റാൻഡേർഡ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അതിവേഗ 4ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉതകുന്ന ഫോണില്‍ റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോര്‍, പ്ലേ മ്യൂസിക് എന്നിവയും ഉപയോഗിക്കാന്‍ കഴിയും. നേരത്തേ 4ജി അവതരിപ്പിച്ചപ്പോള്‍ ലൈഫ് എന്ന പേരില്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ഫോണുകളും ജിയോ പുറത്തിറക്കിയിരുന്നു. നിലവില്‍ 3,000 രൂപയാണ് 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുകളുടെ വില.

വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും.

അതിനിടെ കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാന്‍ അവതരിപ്പിച്ചേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ