ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ കംപ്യൂട്ടര്‍ ശ്രംഗലയെ താറുമാറാക്കിയ റാന്‍സംവെയര്‍ വൈറസ് ആക്രമണം തിങ്കളാഴ്ച്ചയും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച ഉണ്ടായ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച 22കാരനായ കംപ്യൂട്ടര്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
പുതിയ ഒരു ആക്രമണം ഉണ്ടായാൽ തടയാൻ കഴിയണമെന്നില്ലെന്ന് മാല്‍വെയര്‍ ടെക് എന്നറിയപ്പെടുന്ന 22കാരന് വ്യക്തമാക്കി. കോഡുകൾ മാറ്റി പുതിയ ആക്രമണം നടത്താൻ വലിയ അദ്ധ്വാനവും അവർക്ക് ആവശ്യമില്ല. അതിനാൽ വീണ്ടുമൊരു ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. ഏറ്റവും തിരക്കേറിയ ദിനമായ തിങ്കളാഴ്ച്ച ആക്രമണം നടത്തുന്നതിലൂടെ ബിസിനസ് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിക്കാനാണ് ഇവരുടെ നീക്കമെന്നും സൂചനയുണ്ട്.
യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത 22 വയസുകാരനാണ് മാൽവെയർടെക്. ഇദ്ദേഹവും അമേരിക്കയിൽ നിന്നുള്ള 20 എഞ്ചിനീയർമാരും ചേർന്ന സൈബർ ഗ്രൂപ്പാണ് റാൻസംവെയർ വിഭാഗത്തിലുള്ള സൈബർ ആക്രമണം തടഞ്ഞത്.
ഇംഗ്ലണ്ട്, സ്പെയിൻ, അർജന്റീന, റഷ്യ, ഉക്രൈൻ, ഇറ്റലി തുടങ്ങി നൂറോളം രാജ്യങ്ങളിൽ പതിനായിരക്കണക്കിന് കന്പ്യൂട്ടറുകളെ ബാധിച്ച വൈറസ് ഇന്ത്യയിലും എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
റാന്‍സംവെയര്‍ വൈറസുകൾ ബാധിച്ചാൽ പ്രധാനപ്പെട്ട ഫയലുകൾ പൂട്ടുകയാണ് ആദ്യം ചെയ്യുക. പിന്നീട് അവ തുറന്നു കിട്ടണമെങ്കിൽ ഓണലൈൻ കറൻസി ആയ ബിറ്റ് കോയിൻ നിക്ഷേപിച്ച് വേണം ഫയലുകളെ മോചിപ്പിക്കാൻ. 19000 മുതൽ 38000 രൂപ വരെയാണ് ഇവർ ആവശ്യപ്പെടുന്നത്.