മാസങ്ങള്‍ക്ക് മുമ്പാണ് സോഷ്യൽ മീഡിയയില്‍ ഭീതി പരത്തി ബ്ലൂ വെയില്‍ ചലഞ്ച് എന്ന കൊലയാളി ഗെയിം അവതരിച്ചത്. നൂറ് കണക്കിന് പേരുടെ ജീവനാണ് ഈ ഗെയിം കാരണം നഷ്ടമായത്. കളിക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതായിരുന്നു ഈ ഗെയിം. ഈ ഗെയിമിന്റെ സൃഷ്ടാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ അടക്കം നിരവധി കൗമാരക്കാരാണ് ഈ ഗെയിമിന്റെ ഇരകളായത്. സമാനമായ മറ്റൊരു ചലഞ്ചാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ഭീതി പരത്തുന്നത്.

‘മോമോ ചലഞ്ച്’ എന്നാണ് പുതിയ കൊലയാളി ഗെയിമിന്റെ പേര്. ബ്ലൂ വെയില്‍ പോലെ തന്നെയുളള ഘട്ടങ്ങളാണ് ഇതിനും ഉളളത്. വാട്സ്ആപ് വഴിയാണ് ഈ ഗെയിം പ്രവര്‍ത്തിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറിയാത്ത ഒരു നമ്പറിലേക്ക് സന്ദേശം അയക്കാനാണ് ആദ്യം നിർദ്ദേശം നല്‍കുന്നത്. ഈ നമ്പറില്‍ നിന്നും അടുത്ത ഘട്ടത്തിനുളള നിർദ്ദേശങ്ങള്‍ ലഭിക്കും. ഓരോ നിർദ്ദേശങ്ങള്‍ അനുസരിച്ചും ഗെയിം മുന്നോട്ട് കൊണ്ടു പോവണം. തുറിച്ച കണ്ണുകളുളള പ്രേതസമാനമായ ഒരു രൂപമാണ് ഗെയിമിനൊപ്പമുളള ചിത്രം. ജാപ്പനീസ് കലാകാരനായ മിദോരി ഹയാഷി ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമൊന്നും ഇല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അര്‍ജന്റീനയില്‍ ഒരു 12കാരി ഈ ചലഞ്ച് കളിച്ച് ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യയ്ക്ക് മുമ്പ് കുട്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ബ്യൂണോസ് അയേഴ്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ലോകത്താകമാനം ടെക് വിദഗ്‌ധര്‍ ഈ ചലഞ്ചിനെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അറിയപ്പെടാത്ത നമ്പറില്‍ നിന്നും സന്ദേശം വന്നാല്‍ ഇവ പിന്തുടരരുതെന്നാണ് മുന്നറിയിപ്പ്. ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തുകയാണ് ഇവിടെയും നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook