ദില്ലി: ത്രിവര്‍ണ പതാകയോട് സാമ്യമുള്ള ചവിട്ടികള്‍ വില്‍പനയ്ക്ക് വെച്ച ഇ- കൊമേഴ്സ് വമ്പന്‍മാരായ ആമസോണിനെതിരെ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രം വ്യക്തമാക്കി. ആമസോണ്‍ പ്രവൃത്തിയില്‍ ആശങ്ക രേഖപ്പെടുത്തിയ രാജ്യസഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംസാരിക്കവെ വിദേശകാര്യ സഹമന്ത്രി എംജെ അക്ബറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവം ശ്രദ്ധയില്‍ പെട്ടയുടനെ പ്രതിഷേധം രേഖപ്പെടുത്തിയതായും തുടര്‍ന്ന് ആമസോണ്‍ മേധാവി ജെഫ് ബേസോസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്പന്നങ്ങള്‍ പിന്‍വലിച്ചതായും അക്ബര്‍ അറിയിച്ചു. ദേശീയ ചിഹ്നങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സഭാഗംങ്ങള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടികളൊന്നും നിലവിലില്ലെന്ന് വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ത്രിവര്‍ണ പതാകയുടെ സാമ്യമുള്ള വാതില്‍പ്പടി ചവിട്ടികള്‍ ആമസോണ്‍ പിന്‍വലിച്ചിട്ടുണ്ട്. കമ്പനിയുടെ കാനഡ വെബ്‌സൈറ്റിലാണ് ത്രിവര്‍ണ പതാകയുടെ രൂപകല്‍പനയോട് സാദൃശ്യമുള്ള ചവിട്ടികളുടെ പരസ്യം വന്നത്. എന്നാല്‍ ഇത് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്തപക്ഷം ഒരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യ വിസ നല്‍കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതോടെയാണ് പരസ്യം പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്.

നേരത്തെ അനുവദിച്ച വിസകളും പിന്‍വലിക്കുമെന്ന് സുഷമ വ്യക്തമാക്കിയിരുന്നു. ആമസോണ്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിക്കാന്‍ അവര്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ