ഇന്റർനെറ്റ് ലോകത്തെ പുതിയ സെൻസേഷനാണ് ചാറ്റിജിപിടി. ഓപ്പൺ എഐയുടെ ജനപ്രിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണിത്. നവംബറിൽ ആരംഭിച്ച ചാറ്റ്ജിപിടി രണ്ടുമാസം കൊണ്ടുതന്നെ 100 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിരുന്നു.
ചാറ്റ്ജിപിടിയ്ക്ക് പ്രചാരമേറുമ്പോഴും അതിന്റെയൊരു പ്രധാന പോരായ്മയായി ഉപയോക്താക്കൾ ചൂണ്ടികാണിക്കുന്നത്, ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കൂ എന്നതാണ്. നിങ്ങൾക്ക് എഐ ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോഴെല്ലാം ബ്രൗസറിൽ ചാറ്റ്ജിപിടിയുടെ വെബ്സൈറ്റ് ടൈപ്പ് ചെയ്ത് എടുക്കുന്നത് എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. അല്ലാതെതന്നെ ചാറ്റ്ജിപിടി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങളിൽ ചിലരെങ്കിലും ആഗ്രഹിച്ചുകാണും.
ഇപ്പോഴിതാ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ആ സേവനം ലഭ്യമാവുകയാണ്. വാച്ച്ജിപിടി എന്ന ആപ്പാണ് ഇതിനു സഹായിക്കുന്നത്. ആപ്പ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് വഴി ചാറ്റ്ജിപിടി നിങ്ങളുടെ കൈത്തണ്ടയിൽതന്നെ ഉപയോഗിക്കാനാകും.
ആപ്പിൾ വാച്ചിന്റെ ഹോം സ്ക്രീനിൽതന്നെ നിങ്ങൾക്ക് ഈ ആപ്പ് സജ്ജീകരിക്കാം. ടാപ്പ് ചെയ്യുമ്പോൾതന്നെ ചാറ്റ്ബോട്ട് പ്രവർത്തനം ആരംഭിക്കുന്നു. ചാറ്റ്ജിപിടിയുടെ ഔദ്യോഗിക ഇന്റർഫേസിൽ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഈ കാര്യത്തിൽ ആപ്പിൾ ഒരു പടി മുന്നിലാണ്, വോയ്സ് ഇൻപുട്ട് വഴിയും നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം. ഇനി അതല്ല, നിങ്ങൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനാണ് താൽപ്പര്യമെങ്കിൽ അതിനുള്ള ഓപ്ഷനും നിലവിലുണ്ട്.
ചാറ്റ്ബോട്ട് നൽകുന്ന ഉത്തരങ്ങൾ ടെക്സ്റ്റ് ഫോർമാറ്റിലാണ് ലഭിക്കുക. അത് ടെക്സ്റ്റ്, ഇമെയിൽ, അല്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി മറ്റുള്ളവരുമായി പങ്കിടാം. ആപ്പിൾ വാച്ചുകൾ ഇല്ലാത്ത ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാനും മറ്റു മാർഗങ്ങളുണ്ട്. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളിലൊന്നായ ഗൂഗിൾ ക്രോമിന് നിരവധി എക്സ്റ്റൻഷനുകൾ ഉണ്ട്. അത് ഉപയോക്താക്കളെ അവരുടെ സൗകര്യത്തിനനുസരിച്ച് എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ അനുവദിക്കുന്നു.