ന്യൂഡല്‍ഹി: വോണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും ലോകം കരകയറും മുമ്പ് ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് മറ്റൊരു മാല്‍വെയര്‍ പ്രചരിക്കുന്നതായി സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. ‘ജൂഡി’ എന്ന് പേരുളള ഈ മാല്‍വെയര്‍ ഇതിനകം ലോകത്തെ 3 കോടി 65 ലക്ഷം ആന്‍ഡ്രോയിഡ് ഫോണിലേക്ക് കടന്നുകൂടിയതായാണ് വിവരം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയാണ് ‘ജൂഡി’ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അപകടകാരികളായ നിരവധി ആപ്ലിക്കേഷനുകള്‍ 45 ലക്ഷം മുതല്‍ 185 ലക്ഷം തവണ വരെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതയും സൈബര്‍ വിദഗ്ധര്‍ പറയുന്നു. മാല്‍വെയര്‍ കടന്നുകൂടിയ നിരവധി ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേയിലുളളത്.

നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ഉപയോക്താക്കള്‍ പരിശോധനയ്കക്ക് വിധേയമാക്കണം. അറിയപ്പെടാത്ത ഇടങ്ങളില്‍ നിന്നും സൗജന്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് സൈബര്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകള്‍ സൈബര്‍ സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റ് കണ്ടുപിടിച്ചതതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ ഇവ നീക്കം ചെയ്തിട്ടുണ്ട്. കൊറിയന്‍ കമ്പനി നിര്‍മ്മിച്ച 41 ആപ്ലിക്കേഷനുകളില്‍ ജൂഡി എന്ന ഓട്ടോ ക്ലിക്കിംഗ് ആഡ്വെയര്‍ കണ്ടെത്തിയിട്ടുണ്ട്. മാല്‍വെയര്‍ ബാധിച്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഓട്ടോമാറ്റിക് ആയി പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ വരുമാനം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തും. നിരവധി തവണയായിട്ടായിരിക്കും ഇത്തരത്തില്‍ ഓട്ടോക്ലിക്ക് ആവുക.

നേരത്തേയും സമാനമായ മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ വേട്ടായാടിയിട്ടുണ്ട്. അതില്‍ ‘ഫാള്‍സ്‍ഗൈഡ്, സ്കിന്നര്‍’ എന്നിവയും ഗൂഗിള്‍ പ്ലേ വഴിയാണ് നുഴഞ്ഞുകയറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook