ന്യൂഡെല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ വില്‍പനക്കാരായ സ്‍നാപ്‍ഡീല്‍ 600 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനി സ്ഥാപകരായ കുനാല്‍ ബാലും, രോഹിത് ബന്‍സാലും ശമ്പളമൊന്നുമില്ലാതെ ജോലി ചെയ്യാനും തീരുമാനിച്ചു. സ്‌നാപ്ഡീലിനെക്കൂടാതെ സഹോദര സ്ഥാപനങ്ങളായ വുള്‍കാന്‍, ഫ്രീചാര്‍ജ്ജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ പിരിച്ചുവിടല്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

തൊഴിലാളികള്‍ക്കയച്ച ഇ മെയിലിലൂടെയാണ് സ്ഥാപകര്‍ ഇക്കാര്യം അറിയിച്ചത്. കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും പ്രതീക്ഷിച്ച ലാഭം വന്നുചേര്‍ന്നിട്ടില്ലെന്നും കമ്പനിയുടെ ലക്ഷ്യങ്ങളും സ്വഭാവങ്ങളും മാറ്റുകയാണെന്നും അറിയിച്ചു കൊണ്ടാണ് മെയില്‍. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഓൺലൈൻ ഷോപ്പിങ്​ സൈറ്റാവാനുള്ള യാത്രയിലാണ്​ സ്​നാപ്​ഡീൽ.

ഉപഭോക്​താകൾക്ക്​ മികച്ച സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ്​ നടത്തുന്നത്​. കമ്പനിയുടെ വിവിധ ഘടകങ്ങളെ സ്​നാപ്​ഡീൽ ലാഭകരമാക്കുന്നതിനായി പുന:ക്രമീകരിക്കുമെന്ന്​ ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ ഇ–മെയിലിൽ വ്യക്​തമാക്കുന്നുണ്ട്​. ഇതിന്റെ ഭാഗമായി ചില ജീവനക്കാരെ ഒഴിവാക്കുന്നുവെന്നും സഹപ്രവര്‍ത്തകരെ പിരിച്ചുവിടുന്നതില്‍ വളരെ ദു:ഖമുണ്ടെന്നും മെയിലില്‍ പറയുന്നു.

ആമസോണ്‍, ഫളിപ്കാര്‍ട്ട് കമ്പനികളോട് വിപണിയില്‍ മത്സരിക്കുന്ന സ്‌നാപ്ഡീലിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. രാജ്യത്താകമാനം 8000 പേരാണ് സ്‌നാപ്ഡീലിന്റെ കീഴില്‍ തൊഴിലെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ