വിവര സാങ്കേതിക രംഗത്തെ നിര്‍ണ്ണായക ചുവടുവെപ്പുകളിലൊന്നായിരുന്ന കമ്പ്യൂട്ടറിനെ കൂടുതല്‍ ജനകീയമാക്കിയതില്‍ സ്റ്റീവിന്റെ പങ്ക് വളരെ വലുതാണ്. രണ്ടുമുറികളില്‍ കൊള്ളാവുന്ന ഭീമന് യന്ത്രം മൊബൈലുകളില്‍പോലും ഉപയോഗിക്കാന്‍ തക്കരീതിയിലേക്ക് രൂപപ്പെടുത്തിയതില്‍ ആപ്പിളിനും സ്റ്റീവ് ജോബ്സിനും നിര്‍ണ്ണായക പങ്കുണ്ട്. ഇത്തരത്തില്‍ കമ്പ്യൂട്ടറുകളുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് ആപ്പിള്‍ . പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ ആദ്യമായി രംഗത്തിറക്കിയത് ആപ്പിളാണ്.
സ്റ്റിവ് ജോബ്സ് ആപ്പിളിന്റെ തലപ്പത്തിരുന്നപ്പോഴാണ് കമ്പനി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നത്. 15 വര്‍ഷം ആപ്പിളിന്റെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്സ് പേഴ്സണല്‍ കമ്പ്യൂട്ടറിനു പുറമെ മാക്ക്, ഐ പാഡ്, ഐ ഫോണ്‍ , ഐ പോഡ് തുടങ്ങിയ നൂതന സംവിധാനങ്ങളും രംഗത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തി. 1976ല്‍ സ്റ്റീവ് വോസ്നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പമാണ് സ്റ്റീവ് ജോബ്സ് ആപ്പിളിന് തുടക്കം കുറിച്ചത്.
Read More: ബാറ്ററിക്ക് ‘പനി’ വന്നാല്‍ ഫോണ്‍ നിങ്ങളെ അറിയിക്കും: ആപ്പിള്‍ ഐഒഎസ് 11.3 ഫീച്ചറുകള്‍
പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച കമ്പനിയായി സ്റ്റീവ് ജോബ്സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ മാറി. ഇതോടെ വിനോദ വ്യവസായത്തിന്റെയും ടെക് ലോകത്തിന്റെയും ആശയവിനിമയത്തിന്റെയും അടിത്തറതന്നെ സ്റ്റീവ് ജോബ്സും ആപ്പിളും പുനര്‍നിര്‍ണ്ണയിച്ചു. 1985ല്‍ അധികാര വടംവലിയെ തുടര്‍ന്ന് ആപ്പിളില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം 1997ല്‍ കമ്പനി മേധാവിയായാണ് തിരിച്ചെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആപ്പിളിന്റെ മാത്രമല്ല കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ രംഗത്തെയും മാറ്റത്തിന്റെ കാലമായിരുന്നു.
ആപ്പിളിന്റെ മ്യൂസിക് പ്ലാറ്റ്ഫോമായ ഐ-ടൂണ്‍സ് അവതരിപ്പിച്ചത് 2000ത്തോടെ കമ്പനിക്ക് ആഗോള തലത്തില്‍ വന്‍ വളര്‍ച്ചയാണ് നല്‍കിയത്. മ്യൂസിക് റീടൈലര്മാരെ പൂര്‍ണമായും ഒഴിവാക്കി ഇന്‍-സ്റ്റോറേജ് ആല്‍ബങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഐ-ടൂണ്സിലൂടെ ചെയ്തത്. 2001ലെ മാക്വേള്‍ഡ് എക്സ്പോയിലായിരുന്നു ഐ-ടൂണ്‍സ് അവതരിപ്പിച്ചത്. ഉപഭോക്താക്കളിലും ടെക് വിദഗ്ദരിലും ആകാംക്ഷ ഉണര്‍ത്തുന്ന അവതരണമായിരുന്നു അത്.
പാട്ടുകളും ടിവി ഷോകളും ക്രെഡിറ്റ് കാര്‍ഡിലൂടെ എളുപ്പത്തില്‍ പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്ന സൗകര്യം ടെക് പ്രേമികളെ ആകര്‍ഷിച്ചു. കോംപാക്ട് ഡിസ്കുകളുടെ കാലത്തെ ഈ പുതിയ അനുഭവം ഉപഭോക്താക്കളെ ആപ്പിളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍ 18 വര്‍ഷത്തിന് ശേഷം ആപ്പിള്‍ ഐ-ടൂണ്‍സ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഇതിന് പകരമായി പുതിയ മ്യൂസിക് ആപ് അവതരിപ്പിക്കാനാണ് ടിം കുക്കിന്റെ നീക്കം. ഒന്നിലധികം ആപ്ലിക്കേഷനുകളാകാം കമ്പനി അവതരിപ്പിക്കുന്നതെന്നാണ് വിവരം. മ്യൂസിക് ആപ്പുകളിലൂടെയാവും ഇനി പാട്ടുകള്‍ ലഭ്യമാവുക.