ന്യൂഡല്‍ഹി: ഖാദിയെന്ന വ്യാജേന വിറ്റുവന്ന 160 ഉത്പന്നങ്ങള്‍ ഓൺലൈൻ വ്യാപാര സൈറ്റുകളില്‍നിന്ന് ഖാദി ഗ്രാമോദ്യോഗ കമ്മിഷന് നീക്കം ചെയ്യിപ്പിച്ചു. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീൽ പോര്ട്ടലുകളില്നിന്നാണ് ഉത്പന്നങ്ങള്‍ നീക്കിയത്.
സ്വന്തം ഉത്പന്നങ്ങള്‍ ഖാദി ഇന്ത്യ എന്ന വ്യാപാര നാമം ഉപയോഗിച്ച് വില്‍ക്കുന്ന ആയിരത്തിലധികം സ്ഥാപനങ്ങള്‍ക്കു കമ്മിഷന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വ്യാജഉത്പന്നങ്ങള്‍ വിറ്റിരുന്ന രാജ്യത്തുടനീളമുള്ള അനേകം സ്ഥാപനങ്ങള്‍ അടച്ചതായി കമ്മിഷന് അറിയിച്ചു. ഖാദി ഗ്ലോബല്‍ http://www.khadiglobalstore.com എന്ന വെബ്സൈറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തി. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പേജുകള്‍ നീക്കം ചെയ്തതായും കമ്മിഷന് അറിയിച്ചു.
വിവിധ ഓണ്‍ലൈന്‍ വ്യാപാര പോര്ട്ടലുകലുകളില് മാസ്കുകള്‍, സോപ്പുകള്‍, ഷാംപൂ, സൗന്ദര്യവര്‍ധക സാമഗ്രികള്‍, മെഹന്തി, ജാക്കറ്റ്, കുര്‍ത്ത തുടങ്ങിയവ ഖാദിയെന്ന പേരില്‍ ലഭ്യമാണ്. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും വിറ്റിരുന്നത് ആയുഷ് ഇ- ട്രേഡേഴ്സ് എന്ന സ്ഥാപനമാണ്. വഗഡ് ഖാദി ഉത്പന്നങ്ങള്‍ എന്ന പേരില്‍ വില്‍പ്പന നടത്തിയിരുന്ന 140 ലിങ്കുകള്‍ നീക്കം ചെയ്തുവെന്ന് അവര്‍ അറിയിച്ചതായി കമ്മിഷന് വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഖാദി ഗ്രാമോദ്യോഗ് കമ്മിഷന് ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി https://www.kviconline.gov.in/khadimask/ എന്ന പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. സൈറ്റില്‍ 300 ഉത്പന്നങ്ങള്‍ ലഭ്യമാണ്.
ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ നടത്തിയ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പ്രചാരം പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഈ അവസരം ചൂഷണം ചെയ്താണു നിരവധി ഓണ്‍ലൈന്‍ വ്യാപാരികള്‍ ഖാദിയുടെ പേരില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് തുടങ്ങിയതെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി.