കൊച്ചിയില്‍ നിന്നും അങ്ങ് തിരുവനന്തപുരത്തെത്താന്‍ 45 മിനിറ്റ് വിമാനയാത്രയുണ്ട്. എന്നാല്‍ 25 മിനിറ്റ് കൊണ്ടെത്താമെന്നായാലോ? വരും കാലം അതിന് സാക്ഷിയാകുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. മുംബൈയില്‍ നിന്നും 149 കിലോമീറ്റര്‍ അകലെയുള്ള പുണെ നഗരത്തിലേക്ക് ഇനി മൂന്നു മണിക്കൂര്‍ വേണ്ട. വെറും 25 മിനിറ്റ് മതി.

അമേരിക്കന്‍ കമ്പനിയായ വിര്‍ജിനാണ് പുതിയ യാത്രാ സംവിധാനവുമായി എത്തുന്നത്. ഹൈപ്പര്‍ലൂപ്പ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. അമേരിക്കയിലെ വ്യവസായിയായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ നേതൃത്വം നല്‍കുന്ന വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. നവി മുംബൈ വിമാനത്താവളത്തിലൂടെയായിരിക്കും ഹൈപര്‍ലൂപ് കടന്നു പോകുക.

ട്യൂബിനുള്ളിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 1000 കിലോമീറ്റര്‍ എന്ന വേഗപരിധിയില്‍ വിവിധ നഗരങ്ങളിലേക്കുള്ള യാത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധ്യമാണ്.

രണ്ടു ഘട്ടങ്ങളിലായായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ ട്രാക്കുകളുടെ രൂപകല്‍പനയാണ്. ഇതിന് മൂന്നുവര്‍ഷം വരെ സമയമെടുത്തേക്കാം. പിന്നീട് അഞ്ചു മുതല്‍ ഏഴുവര്‍ഷം വരെ സമയമെടുത്തായിരിക്കും റൂട്ടുകള്‍ നിര്‍മ്മിക്കുക.

നേരത്തേ വിജയവാഡയും അമരാവതിയും ബന്ധിപ്പിക്കുന്ന രീതിയില്‍ ഹൈപര്‍ലൂപ് സംവിധാനം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഇത്. ഹൈപ്പര്‍ലൂപ് യാത്രയ്ക്ക് ടിക്കറ്റ് നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. എങ്കിലും വിമാനയാത്രാ ടിക്കറ്റ് നിരക്കിനെക്കാള്‍ കൂടുതലാകുമെന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ മഹാരാഷ്ട്രയില്‍ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ