ഒരു സിനിമ തിയ്യറ്ററുകളിലെത്തുമ്പോള് കയ്യടി നേടുക പലപ്പോഴും അതില്‍ അഭിനയിച്ച അഭിനേതാക്കള്‍ മാത്രമാകും. എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നിലുള്ള തിരക്കഥാകൃത്തും സംവിധായകനും പലപ്പോഴും അഭിനന്ദനങ്ങളും പാരിതോഷികളും ലഭിക്കാത്തവരായി മാറും. ഏറെക്കുറെ ഇതു തന്നെയാണ് സ്പോര്‍ട്സിന്റേയും അവസ്ഥ. ക്രിക്കറ്റിലും സ്പോര്‍ട്സ് ലൈറ്റ് എപ്പോഴും താരങ്ങളുടെ മുകളിലായിരിക്കും.
ക്രിക്കറ്റിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ക്യാമറമാന്മാരുടെ പങ്ക് വളരെ വലുതാണ്. ടെലിവിഷന്‍ സ്ക്രീനില്‍ കളിയുടെ വീറും വാശിയുമൊന്നും ചോരാതെ തന്നെ അവര്‍ എത്തിക്കുന്നത് കളിയുടെ ആസ്വാദന്നത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ക്യാമറാന്മാര് കളിക്കാര്‍ക്ക് പണി കൊടുക്കാറുണ്ട്.
ക്രിക്കറ്റ് ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഓസ്ട്രേലിയ ടീം പന്തില്‍ കൃത്രിമത്വം കാണിച്ചെന്നതാണ്. നായകന് സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം വരെ നഷ്ടമാകുന്നിടം വരെ എത്തി നില്‍ക്കുകയാണ് വിവാദം. സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണറും തന്റെ വൈസ് ക്യാപ്റ്റന്‍ രാജിവെച്ചിട്ടുണ്ട്. സ്മിത്തടക്കമുള്ള സീനിയര്‍ താരങ്ങളുടെ അറിവോടെയായിരുന്നു കൃത്രിമത്വം കാണിച്ചതെന്ന ബാന്‍ക്രോഫ്റ്റിന്റെ കുറ്റസമ്മതം കടുത്ത നടപടികളിലേക്കായിരിക്കും കാര്യങ്ങളെ നയിക്കുക.
ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ആ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത് സോട്ടാനി ഓസ്കാര്‍ എന്ന ക്യാമറമാനാണ്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിംഗ് ക്യാമറാമാനാണ് ഓസ്കാര്‍.
ബാന്‍ക്രോഫ്റ്റ് പന്തില്‍ സാന്റ് പേപ്പറുപയോഗിച്ച് ചൊരണ്ടുന്നതും പേപ്പര്‍ താരം തന്റെ പാന്റ്സിനുള്ളില്‍ ഒളിപ്പിക്കുന്നതുമെല്ലാം ഓസ്കാര്‍ കൃത്യമായി ഷൂട്ട് ചെയ്ത് പുറത്തു വിടുകയായിരുന്നു. പരിശീലകന് ഡാരന്‍ ലീമാന്റെ പങ്കും ഓസ്കാര്‍ പുറത്തു വിട്ട വീഡിയോയില്‍ നിന്നും വ്യക്തമാണ്.