ന്യൂയോർക്ക്: ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ യുവന്റസിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വണ്ടർ ഗോളിനെപ്പറ്റിയാണ് ലോകം ഇന്ന് ചർച്ച ചെയ്യുന്നത്. ഫുട്ബോൾ ലോകത്തെ പ്രമുഖരാണ് ക്രിസ്റ്റ്യാനോയുടെ ബൈസിക്കിൾ കിക്കിനെ പുകഴ്ത്തി രംഗത്ത് എത്തിയത്. ഫുട്ബോൾ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ഗോളാണ് ഇതെന്ന് പോലും ചിലർ വാഴ്ത്തി. എന്നാൽ സ്വീഡീഷ് താരം സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ചിന് ഈ പുകഴ്ത്തലുകൾ അത്ര ബോധിച്ചില്ല.

അതൊരു നല്ല ഗോളാണ്, പക്ഷേ റൊണാൾഡോ ഒരു നാൽപതടി ദൂരത്തു നിന്നെങ്കിലും ആ ഗോൾ നേടാൻ ശ്രമിക്കണമെന്നായിരുന്നു സ്ലാട്ടന്റെ പ്രതികരണം. ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിൽ ബോക്സിനു പുറത്ത് നിന്നും സ്ലാട്ടൺ നേടിയ ഓവർ ഹെഡ് കിക്ക് ഗോളിനെ ഓർമ്മിപ്പിച്ചാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. സ്ലാട്ടന്റെ ഈ​ വണ്ടർ ഗോളാണ് 2012ലെ പുഷ്കാസ് അവാർഡ് സ്വന്തമാക്കിയത്.

യുവന്റസിനെതിരായ കളിയാരംഭിച്ച് വെറും മൂന്ന് മിനിറ്റ് പിന്നിടുമ്പോഴായിരുന്നു യുവന്റസിന്റെ ഹൃദയം തകര്‍ത്ത് ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ പിറക്കുന്നത്. ഇതോടെ ഒരിക്കല്‍ കൂടി റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതി ചേര്‍ക്കുകയും ചെയ്തു ക്രിസ്റ്റ്യാനോ. തുടര്‍ച്ചയായി 10 ചാമ്പ്യന്‍സ് ലീഗ് മൽസരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

കരുത്തര്‍ ഏറ്റമുട്ടിയ മൽസരം ആവേശം നിറഞ്ഞതായിരുന്നു. പലപ്പോഴും കളി പരുക്കനാവുകയും ചെയ്തു. ഗോള്‍ മടക്കാന്‍ യുവന്റസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. രണ്ടാം പകുതിയിലെ 64-ാം മിനിറ്റില്‍ വീണ്ടും യുവന്റസിന്റെ ഗോള്‍ വല കുലുക്കി ക്രിസ്റ്റ്യാനോ റയലിന്റെ ലീഡ് ഉയര്‍ത്തിയതോടെ റയല്‍ വിജയം ഉറപ്പിച്ചു. തൊട്ട് പിന്നാലെ 72-ാം മിനിറ്റില്‍ മാഴ്‌സലോയുടെ വക മൂന്നാമത്തെ ഗോളും പിറന്നു. ഇതിനിടെ യുവന്റസിന്റെ സൂപ്പര്‍ താരം ഡിബാല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ വിജയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ