എല്‍എ ഗാലക്സിയില്‍ അരങ്ങേറ്റം അറിയിച്ച് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ അത്ഭുത ഗോള്‍. എൽ എഎഫ്സിക്ക് എതിരായ മൽസരത്തില്‍ 40 വാര അകലെ നിന്നാണ് ഇബ്രാഹിമോവിച്ച് നിറയൊഴിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും എല്‍എ ഗാലക്സിയിലെത്തിയ ഇബ്രാഹിമോവിച്ച് ആദ്യ മൽസരത്തില്‍ തന്നെ അവിസ്മരണീയമായ ഗോള്‍ തൊടുത്തുവിടുകയായിരുന്നു.

ആദ്യഗോള്‍ നേടിയ എഫ്സി വിജയം ഉറപ്പിച്ചെന്ന് കരുതിയപ്പോഴാണ് 91-ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ച് ഹൈഡറിലൂടേയും രണ്ടാം ഗോള്‍ നേടിയത്. ആദ്യം ഗോള്‍ നേടി എഫ്സി വിജയത്തിലേക്ക് കുതിക്കുമ്പോഴാണ് 36കാരനായ താരത്തിന്റെ പ്രകടനം ഷോക്കായി മാറിയത്. മൽസരം 4-3ന് ഗാലക്സി സ്വന്തമാക്കി. സ്ലാട്ടന്‍, സ്ലാട്ടന്‍ എന്ന് കാണികള്‍ വിളിച്ചു പറഞ്ഞത് തനിക്ക് പ്രചോദനമായെന്ന് മൽസരശേഷം അദ്ദേഹം പറഞ്ഞു.

രണ്ടു വർഷം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരുന്നതിന് മുൻപ് താൻ എൽഎ ഗാലക്സിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്ന് ഇബ്രാഹിമോവിച്ച് വെളിപ്പെടുത്തി. ഇബ്രാഹിമോവിച്ച് കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എൽഎ ഗാലക്സിയിൽ എത്തിയത്. ഗാലക്സിയിൽ എത്തിയതിനു ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.

2016 ൽ പിഎസ്ജിയിൽ നിന്ന് ഗാലക്സിയിലേക്ക് പോവാനായിരുന്നു താൻ തീരുമാനിച്ചതെന്നും എന്നാൽ അന്ന് താൻ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് പോവുകയായിരുന്നു എന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. താൻ ഗാലക്സിയിൽ വരണമെന്നായിരുന്നു വിധി. അതുകൊണ്ടാണ് താൻ ഇവിടെ എത്തിയതെന്നും താരം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ