ലൊസാഞ്ചല്‍സ്:  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ എല്‍എ ഗാലക്സിയിലേക്ക് കൂറുമാറിയ സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ചിന് നല്ല കാലമല്ല. അരങ്ങേറ്റ മൽസരത്തില്‍ തന്നെ ലോങ് റേഞ്ചില്‍ ഗോള്‍ കീപ്പറെ കവച്ചുവച്ചുകൊണ്ട് സ്ലാട്ടന്‍ നേടിയ ഗോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിന്‌ പേര്‍ കണ്ട വീഡിയോ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയുമായി. മുപ്പത്തിയഞ്ചുകാരനായ സ്ലാട്ടന്‍ ലോകകപ്പ് മൽസരത്തില്‍ പങ്കെടുക്കുന്നതിനായി സ്വീഡിഷ് ടീമിലേക്ക് മടങ്ങിവരവ് ആഗ്രഹിക്കുന്നതായി അറിയിച്ചതോടെ എല്‍എ ഗ്യാലക്സിയ്ക്ക് വേണ്ടി കണ്ടെത്തിയ ഗോളും കൂട്ടിവായിക്കപ്പെട്ടു,

എന്നാല്‍ ആ ചര്‍ച്ചകളെയൊക്കെ അവസാനിപ്പിച്ചുകൊണ്ടാണ് സ്ലാട്ടന്റെ മറ്റൊരു വീഡിയോ ഈയാഴ്ച വൈറല്‍ ആയത്. കളിക്കിടയില്‍ തന്റെ ഷൂസില്‍ ചവിട്ടിയ മോണ്ട്രിയല്‍ താരം മിഐക്കള്‍ പെട്രാസോയെ സ്ലാട്ടന്‍ മര്‍ദ്ദിക്കുന്നതാണ് ആ വീഡിയോ. താരത്തെ മര്‍ദ്ദിച്ച ശേഷം കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ സ്ലാട്ടന്‍ മൈതാനത്തില്‍ വീണ് ഉരുളുകയും ചെയ്യുന്നുണ്ട്.

വീഡിയോ റിവ്യൂവിന്റെ സഹായം തേടിയ റഫറി പിന്നീട് സ്ലാട്ടനെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്യുന്നു. ആദ്യപകുതി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു ചുവപ്പ് കാര്‍ഡ്. സ്ലാട്ടനില്‍ ഒരു രക്ഷകനെ കണ്ട ലൊസാഞ്ചല്‍സ് സ്ലാട്ടന്റെ വരവോടെ കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് വഴുതിവീണത്.

ലൊസാഞ്ചല്‍സ് ഡര്‍ബിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഏഴ് മൽസരങ്ങളില്‍ നിന്നായി ഒരൊറ്റ ഗോള്‍ ആണ് സ്ലാട്ടന് നേടാനായത്. സ്ലാട്ടന്‍ യുഗം അവസാനിച്ചു എന്ന തരത്തിലുള്ള നിരീക്ഷണങ്ങളും സജീവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook