ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര ധോണി ആരാധക ഹൃദയം കവര്‍ന്നപ്പോള്‍ ഗ്യാലറിയില്‍ ഇരുന്ന് കുഞ്ഞ് സിവ തമിഴ് ഡപ്പാംകൂത്തിന് ചുവട് വയ്ക്കുകയായിരുന്നു.സിവ എപ്പോഴും അങ്ങനെയാണ്. കുസൃതികൊണ്ട് ഹൃദയം കവരും. തമിഴിലെ സൂപ്പര്‍ ഹിറ്റ് പാട്ടായ ‘ഒത്ത സൊല്ലാല’യ്ക്കായിരുന്നു ഇത്തവണ സിവയുടെ ഡാന്‍സ് ചുവടുകള്‍.

ഐപിഎല്ലിൽ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയത്. രാജസ്ഥാനെതിരായ മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കുകയായിരുന്നു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷകനായി എത്തിയ നായകന്‍ എം.എസ്.ധോണിയുടെ പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.

Read More: ‘കമോൺ പപ്പാ…’ ഉച്ചത്തിൽ നീട്ടി വിളിച്ച് സിവ; ഇതിൽപരം എന്ത് വേണമെന്ന് ധോണിയോട് ആരാധകർ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ പിഴച്ചു. 27 റണ്‍സ് ടീം സ്‌കോര്‍ എത്തിയപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായി. ഒരു റണ്‍സില്‍ അമ്പാട്ടി റയിഡുവും, 13 റണ്‍സുമായി വാട്‌സണും, എട്ട് റണ്‍സുമായി കേദാര്‍ ജാദവും മടങ്ങിയതോടെ ചെന്നൈ തകര്‍ച്ച മുന്നില്‍ കണ്ടു.

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സുരേഷ് റെയ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് ധോണി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. സ്‌കോറിങ്ങില്‍ വേഗത കൂട്ടിയത് സുരേഷ് റെയ്‌നയായിരുന്നു. എന്നാല്‍ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ റെയ്‌നയ്ക്കും സാധിച്ചില്ല. 36 റണ്‍സുമായി റെയ്‌നയും പുറത്ത്. ആറാമനായി ഇറങ്ങിയ ബ്രാവോ നായകന് മികച്ച പിന്തുണ നല്‍കിയതോടെ ധോണി അര്‍ധസെഞ്ചുറി തികച്ചു. അവസാന ഓവറുകളില്‍ ബ്രാവോയും ധോണിയും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 175 ല്‍ എത്തുകയായിരുന്നു.

ധോണിയുടെ നിര്‍ണായകമായ ഇന്നിങ്‌സാണ് ചെന്നൈയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 46 പന്തില്‍ നാല് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെയാണ് 75 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. 16 പന്തില്‍ 27 റണ്‍സ് നേടിയ ബ്രാവോയും മികച്ച പിന്തുണ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook