ധാക്ക: സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് അഫ്ഗാനിസ്ഥാനും സ്‌കോട്ട്‌ലാന്റും പോലെ കുഞ്ഞു രാജ്യങ്ങള്‍ വലിയ കുതിപ്പ് നടത്തിയപ്പോള്‍ ശ്രീലങ്കയും സിംബാബ്‌വെയുമൊക്കെ തങ്ങളുടെ പ്രാതപത്തിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. സിംബാബ്‌വെയെ ആരാധകര്‍ ഏറെക്കുറെ മറന്നിരിക്കുകയാണ്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി കൊണ്ട് സിംബാബ്‌വെ തിരികെ വന്നിരിക്കുകയാണ്.

രണ്ടാം ഇന്നിങ്സില്‍ 321 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് അവസാനദിനം 169 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ സ്വന്തം മണ്ണില്‍ നാണം കെട്ട് തലതാഴ്ത്തി ബംഗ്ലാദേശ് കൂടാരം കയറി. 151 റണ്‍സിനാണ് സിംബാബ്‌വെയുടെ വിജയം. 17 വര്‍ഷത്തിനുശേഷമാണ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റില്‍ ജയം നേടുന്നത്.

2001 നവംബറിലാണ് ഇതിന് മുമ്പ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചത്. വിദേശത്ത് സിംബാബ്‌വെ നേടുന്ന മൂന്നാമത്തെ മാത്രം ജയമാണിത്. രണ്ടാം ഇന്നിങ്സില്‍ 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടന്‍ മാവുട്ടയുടെ പ്രകടനമാണ് സിംബാബ്‌വെയ്ക്ക് ചരിത്രജയം എളുപ്പമാക്കിയത്. മൂന്നു വിക്കറ്റുമായി ബംഗ്ലാദേശിന്റെ നടുവൊടിച്ച സിക്കന്ദര്‍ റാസയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

43 റണ്‍സെടുത്ത ഇമ്രുള്‍ കെയ്‌സും 38 റണ്‍സെടുത്ത ആരിഫുള്‍ ഹഖും മാത്രമേ ബംഗ്ലാ നിരയില്‍ ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്താനായുള്ളൂ. ബംഗ്ലാദേശിന്റെ അവസാന മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook