ഹന്പൻടോട്ട: ശ്രീലങ്കന്‍ മണ്ണില്‍ പുതുചരിത്രം രചിച്ച് സിംബാബ്‌വെയ്ക്ക് ഏകദിന പരമ്പര. അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച് അക്ഷരാര്‍ത്ഥത്തില്‍ സിംബാബ്വെന്‍ ക്രിക്കറ്റ് ടീം ഉയര്‍ത്തെഴുന്നേറ്റു. 3-2നാണ് സിംബാബ്വെ ആതിഥേയരെ പരാജയപ്പെടുത്തിയത്.

204 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത സിംബാബ്വെയ്ക്ക് വേണ്ടി ഹസരംഗ സിക്സ് അടിച്ചാണ് കളി പൂര്‍ത്തിയാക്കിയത്. 2009-ൽ കെനിയയ്ക്കെതിരേ നേടിയ ഏകദിന പരന്പരയ്ക്ക് ശേഷം നേടുന്ന ആദ്യ പരന്പര വിജയവും ശ്രീലങ്കയ്ക്കെതിരേ നേടുന്ന കന്നി പരന്പര വിജയവുമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിനാണ് 203 റണ്‍സ് എടുത്തത്.

എന്നാല്‍ ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ സിംബാബ്വെയ്ക്ക് വേണ്ടി ഓപ്പണർമാരായ ഹാമിൽട്ടണ്‍ മാസകട്സയും സോളമന്‍ മിറും മികച്ച തുടക്കം നല്‍കി. 86 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ഹാമില്‍ട്ടണും 32 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത സോളമന്‍ മിറും 92 റണ്‍സിന്റെ ആദ്യവിക്കറ്റ് കൂട്ടുകെട്ട് നേടി. പിന്നാലെ വന്ന തരിസായി മുസ്കാണ്ടയും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍ പിന്നാലെ വന്ന ക്രൈഗ് ഇര്‍വിന്‍, സീന്‍ വില്യംസ് എന്നിവര്‍ രണ്ട് റണ്‍സ് വീതം എടുത്ത് പുറത്തായി.

മാല്‍ക്കം വാളര്‍, പീറ്റര്‍ മൂര്‍ എന്നിവര്‍ ഓരോ റണ്‍സ് വീതം എടുത്ത് പുറത്തായത് സിംബാബ്വെയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും സിക്കന്ദര്‍ റാസ, ഗ്രീം ക്രീമര്‍ എന്നിവര്‍ ക്രീസില്‍ തുടര്‍ന്നത് ടീമിന് തുണയായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക അസീല ഗുണരത്നെ ( 59), ധനുഷ്ക ഗുണതിലക (52) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ