റയലിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ സിനദിന്‍ സിദാന്‍ പരിശീലക സ്ഥാനത്തു നിന്നും ഒഴിഞ്ഞു. 2016 ല്‍ റയലിന്റെ പരിശീലക സ്ഥാനത്തെത്തിയ സിദാന്‍ ടീമിനെ വിജയ വഴിയില്‍ നയിച്ചതിന് പിന്നാലെയാണ് രാജിവയ്‌ക്കുന്നത്.

റയലിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമായിരുന്നു കഴിഞ്ഞ ദിവസം ലിവര്‍പൂളിനെ പരാജയപ്പെടുത്തി നേടിയത്. വിജയത്തിന്റെ ആഘോഷം റയല്‍ ആരാധകര്‍ക്കിടയില്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സിദാന്റെ രാജി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

2020 വരെ കരാര്‍ നിലനില്‍ക്കുമ്പോഴാണ് സിദാന്റെ പടിയിറക്കം. ടീം വിജയങ്ങള്‍ കീഴടക്കുമ്പോഴും സിദാന്റെ പരിശീലനത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ രാജിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് സിദാന്‍ വ്യക്തമാക്കിയിട്ടില്ല.

‘ടീമിന് മാറ്റം ആവശ്യമാണ്. മറ്റൊരു ശബ്ദവും രീതിയും വേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഈ ക്ലബ്ബിനോടും മാനേജരോടും എനിക്ക് ഒരുപാട് സ്‌നേഹമുണ്ട്. പക്ഷെ എല്ലാം മാറും,’ പത്രസമ്മേളനത്തില്‍ സിദാന്‍ പറഞ്ഞു.

താന്‍ എന്നും ടീമിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് ചിലര്‍ക്ക് മനസിലാകില്ലെന്നറിയാം. പക്ഷെ മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും സിദാന്‍ പറഞ്ഞു. താരങ്ങളുമായി താന്‍ സംസാരിച്ചെന്നും തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും സിദാന്‍ പറഞ്ഞു.

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു റയല്‍ മാഡ്രിഡ് ഇന്ന് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. പുതിയ താരവുമായി കരാറിലെത്തിയെന്ന് അറിയിക്കാനാകും എന്നായിരുന്നു ധാരണ. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook