ലണ്ടന്‍ : കാര്‍ലോ ആന്‍സെലോറ്റി, ലൂയി എന്‍‌റിക്ക്, തോമസ്‌ ടുച്ചല്‍ എന്നീ പേരുകളെ പുറംതള്ളിക്കൊണ്ട് ലിവര്‍പൂള്‍ സഹാപരിശീലകനായിരുന്ന സെല്‍ജേകോ ബോവാക് ആഴ്സണല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണോടെ പടിയിറങ്ങുന്ന ആര്‍സീന്‍ വെംഗറിന് പകരക്കാരനായി സെല്‍ജേകോ ബോവാക് നിയമിതനാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് ബോസ്നിയന്‍ പത്രമായ പ്രവ്ദ ബിഎല്‍ ആണ്. സെല്‍ജേകോ ബോവാക് ലിവര്‍പൂള്‍ സഹാപരിശീലക സ്ഥാനം രാജിവെച്ചത് ഇന്നലെയാണ്.

കഴിഞ്ഞ പതിനേഴ്‌ വര്‍ഷമായ് ലിവര്‍പൂള്‍ പരിശീലകന്‍ ഹ്യൂര്‍ഗന്‍ ക്ലോപ്പിന്റെ സഹപരിശീലകനാണ് സെല്‍ജേകോ ബോവാക്. 2015ല്‍ ക്ലോപിന്റെ ലിവര്‍പൂള്‍ പ്രവേശനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും ഇതേ ബോസ്നിയന്‍ മാധ്യമമാണ്. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ റോമയുമായുള്ള മത്സരത്തിന് ഒരു ദിവസം മുന്‍പാണ് സെല്‍ജേകോ ബോവാക് ഹ്യൂര്‍ഗനുമായുള്ള പതിനേഴ്‌ വര്‍ഷത്തെ പങ്കാളിത്തം അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ നിരത്തിയായിരുന്നു സ്ഥാനമൊഴിയല്‍.

ഹ്യൂര്‍ഗന്‍ ക്ലോപ്പിന്റെ കോച്ചിങ് തന്ത്രങ്ങളുടെ മസ്തിഷ്കമായാണ് സെല്‍ജേകോ ബോവാകിനെ വിശേഷിപ്പിക്കുന്നത്. ബൊറൂഷ്യാ ഡോര്‍ട്ട്മുണ്ട് മുന്നേറ്റനിരയുടെ വേഗതയേറിയ ആക്രമ ശൈലി കെട്ടിപടുക്കുന്നത് സെല്‍ജേകോ ബോവാകാണ്. 2011-2012 സീസണുകളില്‍ തുടര്‍ച്ചയായി ബുണ്ടസ്ലീഗ കിരീടം നേടിയ ഡോര്‍ട്ട്മുണ്ട് സഹാപരിശീലകനായിരുന്നു ബോവാക്.

ഇരുപത്തിരണ്ട് വര്‍ഷത്തെ പരിശീലക റോളിന് ശേഷം പടിയിറങ്ങുന്ന ആര്‍സീന്‍ വെംഗറിന് മികച്ച പിന്തുടര്‍ച്ചക്കാരനാകും ഈ അമ്പത്തിയാറുകാരന്‍ എന്നാണ് കണക്കാക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ