ലണ്ടൻ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്സും പൂജ്യത്തിന് പുറത്തായതിനുള്ള ‘കാരണം’ കണ്ടെത്തിയിരിക്കുകയാണ് നവമാധ്യമങ്ങളിൽ ഒരു കൂട്ടർ. പാകിസ്താനിൽ നിന്നുള്ള ഒരു വനിതാ ജേര്‍ണലിസ്റ്റാണത്രെ ഇതിന് പിന്നിൽ! സൈനബ് അബ്ബാസ് എന്ന ഈ മാധ്യമ പ്രവർത്തക എങ്ങനെയാണ് കോഹ്‌ലിയുടേയും ഡിവില്ലിയേഴ്സിന്റെയും ഡക്കിന് കാരണമാകുന്നത് എന്നല്ലേ…

ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബി മത്സരത്തിൽ പാകിസ്ഥാനെതിരെയാണ് എ ബി ഡിവില്ലിയേഴ്സ് ഗോൾഡൻ ഡക്കായത്. കളി ദക്ഷിണാഫ്രിക്ക തോൽക്കുകയും ചെയ്തു. ഏകദിനത്തിൽ ആദ്യമായാണ് ഡിവി ഗോൾഡൻ ഡക്കാവുന്നത്. ക്രിക്കറ്റിലെ റെയർ സൈറ്റ് എന്നാണ് ഡിവില്ലിയേഴ്സിന്റെ വിക്കറ്റിനെ കമന്റേറ്റർമാർ വിളിച്ചത്. Virat Kohli

തൊട്ടടുത്ത മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഡക്കായത്. ശ്രീലങ്കയോട്. കോലി പക്ഷേ അഞ്ച് പന്തുകൾ കളിച്ചു. ഒരു ഐസിസി ചാന്പ്യൻഷിപ്പിൽ കോഹ്‌ലി പൂജ്യമാകുന്നത് ആദ്യം. കളി ഇന്ത്യ തോൽക്കുകയും ചെയ്തു.

ഇനിയാണ് ഇവരുടെ ഡക്കിന് പിന്നിലുള്ള പാക്കിസ്ഥാനി സുന്ദരിയുടെ വിചിത്ര റോൾ കടന്നു വരുന്നത്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും കളികൾ നടക്കുന്നതിന് മുമ്പേ സൈനബ് അബ്ബാസ് കോഹ്‌ലിക്കും ഡിവില്ലിയേഴ്സിനും ഒപ്പം സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു ഈസെൽഫികളാണ് ശകുനപ്പിഴയായത് എന്നാണ് ആരാധകർ പറയുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ ഈ കണ്ടെത്തലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി ദേശീയ മാധ്യമങ്ങളാണ് നിർഭാഗ്യവതിയായ മാധ്യമപ്രവർത്തകയെ കുറിച്ച് വാർത്ത നൽകിയത്. നാളെ നിർണായക മത്സരതത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതിന് മുൻപ് ഇവർ ഡിവില്ലിയേഴ്സിനൊപ്പം ഒരു സെൽഫി കൂടി എടുക്കണേ എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ