ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങളും വിവാദങ്ങളും ഇന്ത്യന്‍ ടീമിനെ പിന്തുടരുകയാണ്. മുന്‍ ഇന്ത്യന്‍ പേസ് ബോളറും ലോകകപ്പ് ജേതാവുമായ സഹീര്‍ ഖാന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചു. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരെക്കൊണ്ട് ആദ്യ ഓവറുകളില്‍ ബോള്‍ ചെയ്യിപ്പിച്ചതിനു പകരം ജസ്പ്രിത് ബുംറയെ ഉപയോഗിക്കണമായിരുന്നുവെന്ന് സഹീര്‍ ക്രിക്ബസിലെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് മത്സരത്തിന് മുന്‍പ് വിവിധ പദ്ധതികള്‍ ഉണ്ടായിരിക്കാം. പക്ഷെ മത്സരത്തിലായിരിക്കുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് പോകേണ്ടതുണ്ട്. പല പദ്ധതികളും മാറ്റേണ്ടതായി വന്നേക്കാം. ബുംറയെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാമായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ ടീമിലെ ഏറ്റവും മികച്ച ബോളറായ ബുംറയ്ക്ക് തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചിരുന്നില്ല,” സഹീര്‍ വ്യക്തമാക്കി.
18-ാം ഓവര്‍ ബുംറയ്ക്ക് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അവസാന നിമിഷം കോഹ്ലി ഷമിക്ക് പന്ത് കൈമാറി. 17 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ ആവശ്യമായിരുന്നത്. ഷമിയുടെ ആദ്യ നാല് പന്തില്‍ തന്നെ പാക് ടീം ലക്ഷ്യം മറികടന്നു. തന്റെ നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ബുംറയ്ക്ക് കഴിഞ്ഞില്ല. മൂന്ന് ഓവര്‍ എറിഞ്ഞ ബുംറ 22 റണ്‍സാണ് വഴങ്ങിയത്.
“തുടക്കത്തില്‍ മൂന്നാം ഓവര്‍ വരെ കാത്തിരിക്കാതെ ബുംറയെ നേരത്തെ ഉപയോഗിക്കണമായിരുന്നു. ചിലപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. ഇതെല്ലാം ചിന്തിക്കേണ്ട ഒന്നാണ്. നിങ്ങളുണ്ടാക്കിയ പദ്ധതിയില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല,” സഹീര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 151 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടിയിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റേയും മുഹമ്മദ് റിസ്വാന്റെയും മികവില്‍ പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ നേടുന്ന ആദ്യ ജയമാണിത്. 12 തുടര്‍ തോല്‍വിക്ക് ശേഷമാണ് നേട്ടം. ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലന്‍ഡുമായാണ്.