ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കം ക്രിക്കറ്റ് ലോകത്ത് ചൂടു പിടിക്കുകയാണ്. വിരാടിനെ അനുകൂലിച്ചും എതിര്‍ത്തും ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഹ്‌ലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

ആളുകള്‍ പറയുന്നതൊന്നും വിരാട് കാര്യമാക്കരുതെന്നും എങ്ങനെയാണോ അങ്ങനെ തന്നെ തുടരണമെന്നുമായിരുന്നു പേസ് ഇതിഹാസത്തിന്റെ അഭിപ്രായം. വിരാടിനെതിരെ ഓസീസ് ഇതിഹാസ താരം മൈക്ക് ഹസിയടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സഹീര്‍ പിന്തുണയുമായെത്തിയത്.

”നിങ്ങൾക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്ന രീതിയില്‍ തന്നെ തുടരണമെന്നാണ് എനിക്ക് വിരാടിനോട് പറയാനുള്ളത്. ഇത്രത്തോളം എത്തിച്ചത് എന്താണോ അങ്ങനെ തന്നെ ഇനിയും തുടരുക. മറ്റുള്ളവര്‍ എന്തു പറയുമെന്നത് വിഷയമല്ല. ഓസ്‌ട്രേലിയയിലെ പരമ്പരകളെന്നും ഇതുപോലെ തന്നെയാണ്” സഹീര്‍ പറയുന്നു.

സഹീറിന് പിന്നാലെ മറ്റൊരു മുന്‍ ഇന്ത്യന്‍ പേസറായ പ്രവീണ്‍ കുമാറും കോഹ്‌ലിക്ക് പിന്തുണയുമായെത്തി. വിരാടിനെ വിരാട് ആക്കിയത് ഈ അഗ്രഷനാണെന്നും അണ്ടര്‍ 16 കാലം മുതല്‍ വിരാട് ഇങ്ങനെ തന്നെയായിരുന്നുവെന്നും ഈ അഗ്രഷനില്ലാതെ വിരാടിന് കളിക്കാനാകില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

നേരത്തെ ഓസീസ് ഇതിഹാസ താരം അലന്‍ ബോര്‍ഡറും വിരാടിന് പിന്തുണയുമായെത്തിയിരുന്നു. ”ഇതുപോലെയുള്ള ‘ക്യാരക്ടറുകള്‍’ ഇന്ന് ക്രിക്കറ്റ് ലോകത്ത് വളരെ കുറവാണ്. പ്രൊഫഷണല്‍ യുഗം അത്തരക്കാരെ ഇല്ലാതാക്കി. തന്റെ ടീമൊരു വിക്കറ്റ് എടുക്കുമ്പോള്‍ ഇത്ര ആഘോഷിക്കുന്ന ഒരു നായകനെ ഞാനിതുവരെ കണ്ടിട്ടില്ല. കുറച്ച് അമിതമാണെന്ന് തോന്നാം, പക്ഷെ ഒരു തരത്തിലത് നല്ലതാണ്” വിരാടിന്റെ അഗ്രഷനെ കുറിച്ച് അലന്‍ ബോര്‍ഡര്‍ പറയുന്നു.

കോഹ്‌ലിയുടെ പെരുമാറ്റത്തിനും അഗ്രഷനും കാരണം ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും വിദേശത്ത് ജയിച്ച് തെളിയിക്കാനുള്ള ആഗ്രഹവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”വിദേശത്ത് ജയിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടയാള്‍. നമ്പര്‍ വണ്‍ റാങ്കിങ് ശരിക്കും അര്‍ഹിക്കുന്നുണ്ട് താനും. ക്യാപ്റ്റനെന്ന നിലയില്‍ അത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യവും” അദ്ദേഹം പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ