ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാനും ബോളിവുഡ് നടി സാഗരിക ഗാട്‌ഗെയും തമ്മിലുളള വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 27ന് വിവാഹ സത്കാരവും നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഏപ്രില്‍ മാസം നടന്നിരുന്നു. താന്‍ ഏറെ ആകാംക്ഷയോടും അതേസമയം അല്‍പം പരിഭ്രമത്തോടെയുമാണ് വിവാഹദിനത്തിനായി കാത്തിരിക്കുന്നതെന്ന് സാഗരിക ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.

ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് സഹീറും സാഗരികയും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലാണെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഛക്‌ദേ ഇന്ത്യ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് സാഗരിക പ്രശസ്തിയിലേക്ക് ഉയരുന്നത്. മറാത്തി ചിത്രമായ ‘പ്രേമാച്ചി ഘോഷ്ട’ എന്ന ചിത്രത്തിലും ഹിന്ദി ചിത്രമായ ‘ജീ ഭര്‍ കെ ജീ ലി’യിലും പഞ്ചാബി ചിത്രമായ ‘ദില്‍ദരിയാനിലും’ സാഗരിക അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരമാണ് സഹീർ ഖാൻ. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സഹീർ അംഗമായിരുന്നു. ക്രിക്കറ്റും ബോളിവുഡും തമ്മില്‍ പ്രണയത്തിലാകുന്നത് പുതിയ കാര്യമൊന്നുമല്ല. യുവരാജും ഹസല്‍ കീച്ചും പ്രണയിച്ച് വിവാഹം ചെയ്തതിന് പിന്നാലെയാണ് സഹീറും സാഗരികയും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. പിന്നീട് കുറച്ച് കാലം ഗോസിപ്പുകോളങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു.

അധികം വൈകാതെ സഹീര്‍ഖാനും സാഗരികയും തങ്ങളുടെ പ്രണയം സമ്മതിച്ചു. സഹീറുമായുള്ള പ്രണയത്തിന്റെ സൂചന നല്‍കിയ സാഗരിക, വിവാഹ നിശ്ചയവാര്‍ത്തയും ട്വിറ്ററിലൂടെ പങ്കുവെച്ചു. സഹീറിന്റെ കളികള്‍ കാണാന്‍ സാഗരികയും സ്റ്റേഡിയത്തിലെത്താറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ