ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം പകർന്നുകൊണ്ട് റോഡ് സേഫ്‌റ്റി വേൾഡ് സീരിസ് പുരോഗമിക്കുകയാണ്. സച്ചിൻ ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്‌സ് പരാജയമറിയാതെ രണ്ട് കളികൾ വിജയിച്ച് മുന്നേറ്റം തുടരുന്നു. തങ്ങളുടെ ഇഷ്‌ട താരങ്ങളെല്ലാം വീണ്ടും കളിക്കളത്തിൽ എത്തിയപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം അടക്കാൻ സാധിക്കുന്നില്ല. കൊറോണ ഭീതി നിലനിൽക്കുമ്പോഴും ഇന്നലെ മുംബൈയിൽ നടന്ന ഇന്ത്യ ലെജൻഡ്‌സ്-ശ്രീലങ്ക ലെജൻഡ്‌സ് മത്സരം കാണാൻ നിരവധി പേരാണ് എത്തിയത്.

മത്സരം കാണാനെത്തിയ കാണികൾക്കിടയിലെ ഒരു സുന്ദരിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 2007 ൽ ഇന്ത്യ-പാക്കിസ്ഥാൻ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യയുടെ സ്റ്റാർ പേസർ സഹീർ ഖാനോട് ‘ഐ ലൗ യു’ പറഞ്ഞ ഒരു ആരാധികയെ ഓർമയില്ലേ? അവർ തന്നെയാണ് ഇന്നലെ കാണികൾക്കിടയിൽ ഉണ്ടായിരുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും പറയുന്നത്.

റോഡ് സേഫ്‌റ്റി വേൾഡ് സീരിസിൽ ഇന്ത്യ ലെജൻഡ്‌സിനു വേണ്ടി സഹീർ കളിക്കുന്നുണ്ട്. ആ യുവതിയെ സ്ക്രീനിൽ കാണിച്ചതിനു​ ശേഷം സഹീർ ഖാനേയും കാണിക്കുന്നുണ്ടായിരുന്നു. 13 വർഷം മുൻപ് സഹീർ ഖാനോടുള്ള ഇഷ്‌ടം പ്രകടിപ്പിച്ച ആ യുവതി തന്നെയാണ് ഇതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

Read Also: ഞങ്ങൾ എന്താണ് പറയുന്നതെന്ന് ഊഹിക്കാമോ? ചേട്ടനൊപ്പം നിന്ന് മഞ്ജു ചോദിക്കുന്നു

യുവതിയുടെ കയ്യിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു.  ‘ഡ്രൈവർമാരും ക്രിക്കറ്റർമാരും ഹെൽമറ്റ് ഉപയോഗിക്കുക’ എന്നാണ് പോസ്റ്ററിലുള്ളത്. 2007 ൽ ബെംഗളൂരുവിൽ ഇന്ത്യ-പാക്കിസ്ഥാൻ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇതുപോലെ മറ്റൊരു പോസ്റ്ററുമായാണ് യുവതി പ്രത്യക്ഷപ്പെട്ടത്. ആ പോസ്റ്ററിൽ എഴുതിയിരുന്നത് ഇങ്ങനെ: ‘സഹീർ  ഐ ലൗ യു’. അന്ന് സ്റ്റേഡിയത്തിലെ ജയന്റ് സ്ക്രീനിൽ സഹീറും യുവരാജും അടങ്ങുന്ന താരങ്ങൾ ഇതു കണ്ടു. ക്യാമറ യുവതിയെയും സഹീറിനെയും മാറി മാറി കാണിച്ചു. യുവതി സഹീറിനു ഫ്ലൈയിങ് കിസ് നൽകുന്നതും സഹീർ തിരിച്ചു നൽകുന്നതും ആരാധകർ ഏറെ ഏറ്റെടുത്ത രംഗങ്ങളായിരുന്നു. ആ വീഡിയോ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ റോഡ് സേഫ്‌റ്റി വേൾഡ് സീരിസിന്റെ സമയത്തും ആ വീഡിയോ ചർച്ചയാകുന്നു.

അതേസമയം, ഇന്നലെ നടന്ന വേൾഡ് സീരിസിലെ മത്സരത്തിൽ ശ്രീലങ്ക ലെജൻഡ്‌സിനെയാണ് ഇന്ത്യ ലെജൻഡ്‌സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ലെജൻഡ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടിയപ്പോൾ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ ലെജൻഡ്‌സ് വിജയം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ലെജൻഡ്‌സ് നായകൻ സച്ചിൻ ടെൻഡുൽക്കർ ശ്രീലങ്ക ലെജൻഡ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

മുൻനിര ബാറ്റ്‌സ്‌മാൻമാർ അതിവേഗം കൂടാരം കയറിയപ്പോൾ ഇന്ത്യ ലെജൻഡ്‌സ് പരാജയം മണത്തു. എന്നാൽ, ഇർഫാൻ പത്താന്റെ ബാറ്റിങ് കരുത്ത് ഇന്ത്യ ലെജൻഡ്‌സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. 31 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസാണ് പത്താൻ നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറുമടക്കമാണിത്. മൊഹമ്മദ് കെയ്ഫ് 45 പന്തിൽ നിന്ന് 46 റൺസ് നേടി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ-സെവാഗ് ഓപ്പണിങ് കൂട്ടുകെട്ട് ഇത്തവണ അതിവേഗം പിരിഞ്ഞു. സച്ചിൻ റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ സെവാഗ് മൂന്ന് റൺസെടുത്ത് കൂടാരം കയറി. യുവരാജ് സിങ് ഒരു റൺസും സഞ്ജയ് ബംഗാർ 18 റൺസുമെടുത്ത് പുറത്തായി. മൻപ്രീത് ഗോണി 11 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്ക ലെജൻഡ്‌സിനുവേണ്ടി ചാമിന്ദ വാസ് രണ്ട് വിക്കറ്റുകൾ നേടി.

ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ലെജൻഡ്‌സിനുവേണ്ടി തിലകരത്‌നെ ദിൽഷൻ (23), റോമേഷ് കലുവിതരണ (21), ചാമര കപുഗദേര (23) സചിത്ര സേനാനായകെ (19) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്‌ക്കുവേണ്ടി മുനാഫ് പട്ടേൽ നാല് വിക്കറ്റ് നേടി. സഹീർ ഖാൻ, ഇർഫാൻ പത്താൻ, മൻപ്രീത് ഗോണി, സഞ്ജയ് ബംഗാർ എന്നിവർ ഓരോ വിക്കറ്റ് നേടി. നേരത്തെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook