തുടർച്ചയായ രണ്ടാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ രണ്ടക്കം കാണാതെ പുറത്ത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നാല് റൺസിന് താരത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചെങ്കിലും നേരിട്ട മൂന്നാം പന്തിൽ യുസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നൽകി താരം പുറത്താവുകയായിരുന്നു. അതേസമയം ഈ ക്യാച്ച് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പന്ത് നിലത്ത് കുത്തിയെന്നാണ് ഒരു വിഭാഗം ആരാധകർ വാദിക്കുന്നത്.

ഫീൽഡ് അമ്പയർ ഔട്ട് എന്ന സോഫ്റ്റ് സിഗ്‌നലോടെ തീരുമാനം തേർഡ് അമ്പയറിന് വിട്ടെങ്കിലും തെളിവില്ലാത്തതിനാലും വ്യക്തമാകത്തതിനാലും തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം പോവുകയായിരുന്നു. പലതവണ വ്യത്യസ്ത ആംഗിളുകളിൽ പരിശോധിച്ചെങ്കിലും പന്തിനടിയിൽ ചാഹലിന്റെ വിരളുണ്ടോയില്ലെയോയെന്ന് മനസിലാക്കാൻ സാധിച്ചില്ല.

Also Read: സൂപ്പർ റോയലാകാൻ രാജസ്ഥാൻ; ബെൻ സ്റ്റോക്സ് ഉടൻ ടീമിനൊപ്പം ചേരും

ഇതോടെ തേർഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ആരാധകർ രംഗത്തെത്തി. കടുത്ത ഭാഷയിലാണ് സമൂഹമാധ്യമങ്ങിൽ ആരാധക രോഷം പ്രകടിപ്പിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി തികച്ച സഞ്ജുവിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല.

നേരത്തെയും സോഫ്റ്റ് സിഗ്നലിന്റെ അടിസ്ഥാനത്തിൽ തേർഡ് അമ്പയർ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യ സംഭവത്തിലും നായകൻ സഞ്ജു തന്നെ. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ രാഹുലിന്റെ ബാറ്റിൽ നിന്നും വന്ന പന്ത് അവിസ്മരണീയമായി സഞ്ജു കൈപിടിയിലൊതുക്കിയെങ്കിലും ഫീൽഡ് അമ്പയർ തീരുമാനം നോട്ട്ഔട്ടോടുകൂടി തേർഡ് അമ്പയറുടെ തീരുമാനത്തിന് വിട്ടു. തെളിവില്ലെന്ന് പറഞ്ഞ് അന്നും തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം പോവുകയായിരുന്നു. ആ സമയത്ത് 41 റൺസെടുത്തിരുന്ന രാഹുൽ 84 റൺസുമായാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook