ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഹാസ്യതാരമാണ് യുസ്‌വേന്ദ്ര ചാഹൽ. കളിക്കാരെയും ആരാധകരെയും തമാശകൾ കൊണ്ട് ഇത്രയധികം എൻടെയിൻ ചെയ്യുന്ന മറ്റൊരു താരം ഇന്ത്യൻ ടീമിലില്ല. മറ്റുള്ളവരെ ട്രോളുന്നതോടൊപ്പം സെൽഫ് ട്രോളിലൂടെയും താരം സോഷ്യൽ മീഡിയയെ കയ്യിലെടുക്കാറുണ്ട്.

ചാഹൽ ടിവി എന്ന പരിപാടിയിലൂടെ ഇന്ത്യൻ ആരാധകർ അത് നിരവധി തവണ കണ്ടിട്ടുമുണ്ട്. ഏറ്റവും ഒടുവിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും ഓപ്പണർ കെ.എൽ.രാഹുലിനെയും ട്രോളിയാണ് ചാഹൽ സോഷ്യൽ മീഡിയയിൽ ചിരിപ്പടർത്തിയിരിക്കുന്നത്.

തന്റെ ഒരു പരീശീലന ചിത്രത്തോടൊപ്പം ക്രീസിൽ ബാറ്റ് ചെയ്യുന്ന രാഹുലിന്റെയും കോഹ്‌ലിയുടെയും ചിത്രങ്ങൾ ചേർത്ത് വെച്ചാണ് ട്രോൾ. അവർ തന്റെ ഷോട്ട് കോപ്പിയടിച്ചിരിക്കുകയാണെന്ന് ചാഹൽ അവകാശപ്പെടുന്നു. “അവർ എന്റെ ഷോട്ട് അനുകരിക്കാൻ ശ്രമിക്കുമ്പോൾ, കൊള്ളം, യുവതാരങ്ങളെ” ചിത്രത്തിനൊപ്പം ചാഹൽ ട്വിറ്ററിൽ കുറിച്ചു.

Also Read: ധോണിയുടെ സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ല; വികാരഭരിതനായി ചാഹൽ

ചാഹൽ ടിവി ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയ സെഗ്മെന്റാണ്. ധോണിയെ ഇന്ത്യൻ ടീം വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ചാഹൽ ടിവിയിലൂടെയാണ് കഴിഞ്ഞ ദിവസം ചാഹൽ അറിയിച്ചത്. ജനാലയോട് ചേർന്നുളള സീറ്റ് ഒഴിഞ്ഞു കിടക്കുന്ന ആ സീറ്റ് ധോണിയുടേതാണെന്നും അവിടെ ഇപ്പോഴും ആരും ഇരിക്കാറില്ലെന്നും അദ്ദേഹത്തിനായി ആ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നും ചാഹൽ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook