ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് യുസ്വേന്ദ്ര ചഹല്‍. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണിയുടെ കീഴിലായിരുന്നു ചഹലിന്റെ തുടക്ക കാലഘട്ടം. ചഹലിന്റെ ഉയര്‍ച്ചയില്‍ ധോണിയെന്ന നായകന്റേയും വിക്കറ്റ് കീപ്പറിന്റേയും സംഭാവന വളരെ വലുതായിരുന്നു. ബോളിങ്ങില്‍ ധോണി ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ചഹല്‍.
“ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു ട്വന്റി 20യില്‍ ഞാന്‍ 64 റണ്‍സ് വഴങ്ങി. ഹെയിന്റിച്ച് ക്ലാസെനായിരുന്നു ബാറ്റര്‍. അപ്പോള്‍ മഹി ഭായി (ധോണി) എന്നോട് എറൗണ്ട് ദ വിക്കറ്റ് ശ്രമിക്കാന്‍ പറഞ്ഞു. അടുത്ത പന്തില്‍ ക്ലാസെന് ഗ്രൗണ്ടിന്റെ ഏറ്റവും നീളമേറിയ ഭാഗത്തു കൂടി സിക്സ് നേടി. പിന്നെയും മഹി ഭായി വന്നു. ഞാനിനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. വെറുതെ നിനക്ക് കുഴപ്പമുണ്ടോന്ന് അറിയാന്‍ വന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,” ചഹല്‍ പറഞ്ഞു.
ഇത് നിന്റെ ദിവസമല്ലെന്ന് എനിക്കറിയാം. നി പരിശ്രമിച്ചു പക്ഷെ ഒന്നും സംഭവിച്ചില്ല. നാല് ഓവര്‍ പൂര്‍ത്തിയാക്കൂവെന്നും ധോണി പറഞ്ഞതായി ചഹല്‍ വെളിപ്പെടുത്തി. ധോണിയുടെ പിന്തുണ എത്രത്തോളം പ്രധാനമായിരുന്നെന്നും ചഹല്‍ തുടര്‍ന്ന് വിശദീകരിച്ചു.
“മോശം പ്രകടനത്തില്‍ ആരെങ്കിലും വഴക്കു പറഞ്ഞാല്‍ നമ്മുടെ ആത്മവിശ്വാസം തകരും. പക്ഷെ അദ്ദേഹം എന്നോട് ഇത് ഒരു മത്സരം മാത്രമാണ് എന്നാണ് പറഞ്ഞത്. നീ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തി, എല്ലാ മത്സരത്തിലും ഒരുപോലെ തിളങ്ങാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് നമുക്ക് അനുകൂലമായുള്ള ദിവസമല്ലെങ്കില്‍ നിരാശപ്പെടേണ്ടതില്ലെന്നും സമ്മര്‍ദ്ദം ചെലുത്തി മറ്റുള്ളവര്‍ക്ക് വിക്കറ്റ് നേടാനുള്ള അവസരം ഒരുക്കാന്‍ സാധിക്കുമെന്നും ഞാന്‍ മനസിലാക്കിയത്,” ചഹല്‍ വിശദീകരിച്ചു.
Also Read: അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ-ഓസ്ട്രേലിയ സെമി പോരാട്ടം ഇന്ന്