വിൻഡീസിനെതിരായ നേടിയ സമ്പൂർണ വിജയത്തിന് പിന്നാലെ ഓസ്ട്രേലിയൻ പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ നിസ്സാരക്കാരായി കാണുന്നില്ലെങ്കിലും പരമ്പര സ്വന്തമാക്കമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. അതേസമയം ടീമിന്റെ വിജയരഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് സ്‍പിന്നർ യുസ്‍വേന്ദ്ര ചാഹൽ. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവേയാണ് സഹതാരങ്ങളെ കുറിച്ച് ചാഹൽ വാചാലനായത്.

ഇന്ത്യൻ ടീം ഒരു കുടുംബമാണ്. യുവതാരങ്ങൾ ഒട്ടും അസ്വസ്ഥരല്ല എന്ന് മുതിർന്ന താരങ്ങൾ ഉറപ്പ് വരുത്തുമെന്നും ചാഹൽ പറഞ്ഞു. ആരോടും എപ്പോള്‍ വേണമെങ്കിലും ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചാഹല്‍ വ്യക്തമാക്കി.

അതേസമയം മുതിർന്ന താരങ്ങളായ എംഎസ് ധോണിയും രോഹിത് ശര്‍മ്മയും വിരാട് കോലിയും തങ്ങൾക്ക് മുതിർന്ന ചേട്ടന്മാരാണെന്നും ചാഹൽ പറഞ്ഞു. ശിഖർ ധവാനെ പോലുള്ള താരങ്ങൾ ഒരു വീടിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, അത് വളരെ പ്രധാനമാണെന്നും ചാഹൽ കൂട്ടിച്ചേർത്തു.

“മഹേന്ദ്ര സിങ് ധോണി എന്റെ വല്ല്യേട്ടനെ പോലെയാണ്. നിങ്ങൾ കാണുന്ന പോലെ സ്റ്റംമ്പിന് പുറകിൽ നിന്ന് അദ്ദേഹം ഞങ്ങളെ നയിക്കും. എന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പോലും എനിക്ക് പങ്കുവെയ്ക്കാവുന്ന ആളാണ് അദ്ദേഹം. അതിനെല്ലാം സാധ്യമായ പരിഹാരവും ധോണി ഭായിക്കുണ്ടാകും. ഞങ്ങളുടെ ഓരോ തമാശയിലും അദ്ദേഹവും പിന്നിലുണ്ടാകും, അതിൽ നിന്നൊന്നും മാറി നിൽക്കുന്ന വ്യക്തിയല്ല അദ്ദേഹം.” ധോണിയെ കുറിച്ച് ചാഹൽ പറഞ്ഞു.

ചുരുങ്ങിയ കാലം കെണ്ട് തന്നെ സീനിയർ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ചാഹൽ. വിൻഡീസിനെതിരെ ഒരു ഏകദിന മത്സരം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഏകദിനം സമനിലയിൽ അവസാനിച്ചപ്പോൾ ടി20 – ടെസ്റ്റ് പരമ്പരകൾ ഇന്ത്യ തൂത്തുവാരി. ഈ മാസം 21നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook