സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യയുടെ പരാജയത്തിന് ആക്കം കൂട്ടിയത് ഹെൻറിച്ച് ക്ലാസന്റെ ഇന്നിങ്സാണ്. ഇന്ത്യൻ പേസ് നിര നന്നായി പൊരുതി നിന്നെങ്കിലും റിസ്റ്റ് സ്‌പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് കിട്ടിയ അടിക്ക് കൈയ്യും കണക്കുമില്ല. ആക്രമണം നടത്തിയതാകട്ടെ ക്ലാസനും.

ചാഹൽ എറിഞ്ഞ 4 ഓവറിൽ 64 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ഇതിൽ 41 റൺസും നേടിയത് ഹെൻറിച്ച് ക്ലാസനാണ്. ക്ലാസൻ ആകെ നേടിയതാകട്ടെ 69 റൺസും. ചാഹൽ എറിഞ്ഞ മൂന്ന് ഓവറുകളിലായി ആകെ പന്ത്രണ്ട് പന്തുകളാണ് ക്ലാസൻ നേരിട്ടത്. ഇതിൽ ക്ലാസൻ അടിച്ചുകൂട്ടിയത് അഞ്ച് സിക്സറുകളും ഒരു ഫോറുമാണ്.

1, 6, 2, 1, 6, 1, 6, 1, 6, 6, 4, 1 എന്നിങ്ങനെയാണ് ചാഹലിന്റെ പന്ത്രണ്ട് പന്തുകളിൽ ക്ലാസൻ നേടിയ റൺസ്. നനവുണ്ടായിരുന്ന മൈതാനത്ത് പന്ത് ടേൺ ചെയ്യിക്കാൻ സാധിക്കാതെ പോയതാണ് ചാഹലിന് തിരിച്ചടിയായത്. തുടരെ ആക്രമിക്കപ്പെട്ടിട്ടും ചാഹലിന് പകരം റെയ്നയെ രംഗത്തിറക്കാൻ നായകൻ കോഹ്‌ലി മടിച്ചതെന്താണെന്നാണ് ആർക്കും മനസിലാകാതെ പോയതും.

അതേസമയം, സ്പിൻ ബോളിങ്ങിന് പുറമേ പേസ് നിരയിൽ ജയദേവ് ഉനദ്‌കടാണ് കൂടുതൽ ആക്രമിക്കപ്പെട്ടത്. 3.4 ഓവറിൽ 42 റൺസാണ് ഉനദ്‌കട് വിട്ടുകൊടുത്തത്. ഇദ്ദേഹത്തിന്റെ അവസാന ഓവറിലാണ് രണ്ട് പടുകൂറ്റൻ സിക്സറുകളിലൂടെ ജെപി ഡുമിനി ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിച്ചത്.

ആദ്യ മൂന്ന് ഓവറുകളിൽ നിന്ന് 26 റൺസ് വിട്ടുകൊടുത്ത ഉനദ്‌കടിന്റെ അവസാന നാല് പന്തിൽ നിന്ന് പിറന്നത് 16 റൺസാണ്. നാല് ഓവർ വീതം എറിഞ്ഞ ഹർദ്ദിക് പാണ്ഡ്യയും ഷർദ്ദുൽ താക്കൂറും 31 റൺസ് വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ നിരയിൽ ഇന്നലെ ഏറ്റവും നന്നായി പന്തെറിഞ്ഞത്. 3 ഓവറിൽ 19 റൺസ് മാത്രമേ ഭുവി വിട്ടുകൊടുത്തുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ