Latest News

ആറ് കൊണ്ട് ആറാടിയ യുവി; ആരാധകഹൃദയങ്ങളില്‍ ഒരിക്കലും മായാത്ത ആ സിക്‌സുകള്‍

തന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റായിരുന്നു ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ചെയ്തത്. യുവിയെ പ്രകോപിതനാക്കുക എന്ന ചരിത്രപരമായ പിഴവിന് തൊട്ടടുത്ത പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ശിക്ഷ ഏറ്റുവാങ്ങിയത്.

Yuvraj Singh, Yuvraj Six, Yuvraj Six Sixes in an Over, Yuvraj Six Broad,

ഒരു തലമുറയെ മൈതാനത്തേക്കും ടിവി സെറ്റിന് മുന്നിലേക്കും എത്തിച്ച ഇന്ത്യയുടെ ഗോള്‍ഡന്‍ ജനറേഷനിലെ അവസാന പോരാളിയും പടിയിറങ്ങുകയാണ്. യുവരാജ് സിങ് എന്ന ഇന്ത്യ കണ്ട എക്കാലത്തേയും വലിയ താരങ്ങളിലൊരാള്‍ കളി അവസാനിക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് കടന്നു വരുന്ന ഒരുപാട് മത്സരങ്ങളുണ്ട്, ഒരിക്കലും മായാത്ത നിമിഷങ്ങളുണ്ട്.

യുവരാജ് സിങ്ങെന്ന ഇതിഹാസ താരത്തിന്റെ 17 വര്‍ഷം നീണ്ട കരിയറിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്ന രംഗങ്ങളില്‍ 2007 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടി20 ലോകകപ്പിലെ മത്സരമാണ്. ടി20 ക്രിക്കറ്റിന്റെ തന്നെ ഭാവിയെ നിശ്ചയിക്കുന്നതായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ യുവരാജ് സിങ് നേടിയ ആറ് സിക്‌സുകള്‍. യുവരാജ് എന്ന പ്രതിഭയും യുവരാജ് എന്ന ഷോമാനും ഒരുപോലെ തിളങ്ങിയ നിമിഷങ്ങളായിരുന്നു അത്.

Read More: നിറകണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് യുവരാജ് സിങ്

ടി20 യുടെ ചരിത്രത്തില്‍ ആദ്യത്തേയും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നാലാമത്തേയും തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ ആറ് പന്തും സിക്‌സും അടിക്കുന്നത്. 12 പന്തുകളില്‍ നിന്നും യുവരാജ് അര്‍ധ സെഞ്ചുറി കടന്നു. ആ റെക്കോര്‍ഡ് ഇന്നും തിരുത്തപ്പെടാനാകാതെ തലയുയര്‍ത്തി നില്‍ക്കുന്നു. ഏകദിനത്തിന്റെ കാലത്ത് ടി20 ശൈലിയില്‍ കളിയെ സമീപിച്ച താരമായിരുന്നു യുവി. അതുകൊണ്ട് തന്നെ യുവിയില്‍ നിന്നുമാരു വിസ്‌ഫോടനം പ്രതീക്ഷിച്ചവര്‍ക്കൊരുക്കിയ വിരുന്നായിരുന്നു അന്ന് അരങ്ങേറിയത്.

ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. ഓപ്പണര്‍മാരായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും അര്‍ധ സെഞ്ചുറി നേടി. നന്നായി തുടങ്ങിയത് നന്നായി അവസാനിപ്പിക്കുക എന്നത് മാത്രമായിരുന്നു യുവരാജ് സിങ്ങിനും നായകന്‍ എം.എസ്.ധോണിക്കുമുണ്ടായിരുന്ന ഉത്തരവാദിത്വം. 18-ാം ഓവറിന്റെ അവസാനം, തന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റായിരുന്നു ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ചെയ്തത്. യുവരാജ് സിങ്ങുമായി ഫ്‌ളിന്റോഫ് കയര്‍ത്തു. യുവിയെ പ്രകോപിതനാക്കുക എന്ന ചരിത്രപരമായ പിഴവിന് തൊട്ടടുത്ത പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ശിക്ഷ ഏറ്റുവാങ്ങിയത്.

ബ്രോഡ് എറിഞ്ഞ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക്. അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്ത് അതിര്‍ത്തി കടത്തി. മൂന്നാം പന്ത് ബ്രോഡ് ഓഫ് സൈഡിലാണെറിഞ്ഞത്, പക്ഷെ കവറിലൂടെ മനോഹരമായി സിക്‌സ് കണ്ടെത്തി യുവി മറുപടി നല്‍കി. ഇതോടെ ബ്രോഡ് സമ്മർദത്തിലായി. എങ്ങനെ എറിഞ്ഞാലും അടിക്കാന്‍ തയ്യാറെന്ന മട്ടിലായിരുന്നു യുവരാജ് നിന്നിരുന്നത്. നായകന്‍ പോള്‍ കോളിങ്‌വുണ്ടുമൊത്ത് ബ്രോഡ് ഇനിയെന്തെന്ന് ചര്‍ച്ച നടത്തി. അടുത്ത പന്ത് റൗണ്ട് ദ വിക്കറ്റായാണ് ബ്രോഡ് എറിഞ്ഞത്. പക്ഷെ അതും യുവി അതിര്‍ത്തി കടത്തി.

നാല് സിക്‌സുകള്‍, അങ്ങനൊന്ന് കണ്ടതിന്റെ അമ്പരപ്പില്‍ ഗ്യാലറി പൊട്ടിത്തെറിച്ചു. അടുത്ത പന്തും യുവരാജ് സിക്‌സ് പറത്തി. ഡര്‍ബനിലെ ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ആ സമയം, കമന്ററി ബോക്‌സിലുണ്ടായിരുന്നവരില്‍ ഒരാള്‍ സാക്ഷാല്‍ രവി ശാസ്ത്രിയായിരുന്നു. നേരത്തെ ഈ നേട്ടം കൈവരിച്ചവരില്‍ ഒരാള്‍. അവസാന പന്തില്‍ സിക്‌സ് ഒഴിവാക്കി നാണക്കേടില്‍ നിന്നും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു ബ്രോഡിന്റെ ലക്ഷ്യം. ആറാം പന്ത് എറിയും മുമ്പ് ബ്രോഡ് നായകന്‍ കോളിങ്‌വുഡും ഫ്‌ളിന്റോഫുമായി സംസാരിച്ചു. പക്ഷെ ആറാം പന്തും യുവി ഗ്യാലറിയില്‍ നിക്ഷേപിച്ചു. ആറില്‍ ആറും സിക്‌സ്. കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാനാവാതെ ലോകം കണ്‍മിഴിച്ചു നിന്ന നിമിഷം.

യുവിയുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സുമായാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആ ആറ് പന്തുകളില്‍ ഇംഗ്ലണ്ട് ടീം തകര്‍ന്നു പോയിരുന്നു. ആ ഷോക്കില്‍ നിന്നും കരകയറാന്‍ അവര്‍ക്കായില്ല. 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Yuvraj singhs six sixes in an over in 2007 t20 world cup

Next Story
ക്രിക്കറ്റ് ഇഷ്ടമാണ്, അതേസമയം വെറുപ്പുമാണ്; യുവരാജ് സിങ്Yuvraj Singh, യുവരാജ് സിങ്, Cricket, ക്രിക്കറ്റ്, Retirement, വിരമിക്കല്‍ India, ഇന്ത്യ, world cup cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com
X