ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളുടെ അപരന്മാര്‍ ഒരു പുതിയ വാര്‍ത്തയല്ല. ഒറിജിനലിനെ തോല്‍പ്പിക്കുന്ന ഡ്യൂപ്പുകളെ കുറെ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അപരനും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

പാക്കിസ്ഥാനിലെ ഷഹീദ്-ഇ-മിലാത്തിലെ ഡൊമിനോസിന്റെ പിസ ഔട്ട്‌ലെറ്റിലായിരുന്നു കോഹ്ലിയുടെ അപരനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഏകദിനത്തിലെ 300ആം മത്സരത്തിനിറങ്ങിയ യുവരാജ് സിംഗിന്റെ അപരനും കാണികളിലും യുവരാജിലും ഒരുപോലെ കൗതുകം ഉണ്ടാക്കി.

യുവരാജിനെ പോലെ തന്നെ താടിയും വളര്‍ത്തി ഇന്ത്യന്‍ ജഴ്സിയും അണിഞ്ഞ ഇയാള്‍ക്കൊപ്പം യുവരാജ് നില്‍ക്കുന്ന ഫോട്ടോ ബിസിസിഐ ആണ് പുറത്തുവിട്ടത്. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു. ഇന്നലെ മുന്നൂറാം ഏകദിനത്തിന് ഇറങ്ങിയ യുവരാജിന് ബാറ്റോ ബോളോ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

2000ത്തില്‍ കെനിയയ്ക്ക് എതിരെ നടന്ന ഏകദിനത്തിലൂടെയാണ് യുവരാജിന്റെ അരങ്ങേറ്റം. 300ലധികം രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് യുവരാജ് സിങ്ങ്. ഏറ്റവും കൂടുതല്‍ രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 463 ഏകദിനമത്സരങ്ങളിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പങ്കെടുത്തത്. രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308) എന്നിവരാണ് 300ലധികം ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ