മുംബൈ: ഇനിയൊരിക്കലും യുവരാജ് സിങ് എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓളം തീര്‍ക്കില്ലെന്ന് വിധിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു യുവിയുടെ ഇന്നലത്തെ ഇന്നിങ്‌സ്. അര്‍ധ സെഞ്ചുറിയടിച്ചാണ് യുവരാജ് ആരാധകരുടെ ഓര്‍മ്മകളെ ഉണര്‍ത്തിയത്.

ഐപിഎല്‍ ലേലത്തില്‍ ആരും യുവിയെ വാങ്ങാന്‍ രംഗത്തെത്തിയിരുന്നില്ല. ഇനിയൊരിക്കലും ഐപിഎല്ലില്‍ യുവിയുടെ പ്രകടനം കാണാന്‍ സാധിക്കില്ലെന്ന് എല്ലാവരും കരുതിയിരിക്കെയാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് കൂടിയാണ് യുവി ഇന്നലെ മറുപടി നല്‍കിയത്.

മത്സരശേഷം നടന്ന പത്ര സമ്മേളനത്തില്‍ താന്‍ കഴിഞ്ഞ രണ്ട് വര്‍ഷം കടന്നു പോയ സാഹചര്യങ്ങളെ കുറിച്ച് യുവി മനസ് തുറന്നു.

Read More: ഒരുക്കിയെടുത്താൽ ഇവൻ കലക്കും; പന്തിനെ പ്രശംസിച്ച് യുവരാജ് സിങ്

”കഴിഞ്ഞ രണ്ട് വര്‍ഷം കയറ്റിറക്കങ്ങളുടേതായിരുന്നു. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍, എന്തുകൊണ്ടാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതെന്ന് ചിന്തിച്ചു. ക്രിക്കറ്റ് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു എന്ന കാരണം കൊണ്ടാണ് കളിച്ചത്. അന്ന് ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നില്ല. അണ്ടര്‍ 14ലും 16 ലുമായിരുന്നു കളിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ആസ്വദിക്കാന്‍ കഴിയുന്ന കാലത്തോളം ഞാന്‍ ക്രിക്കറ്റ് കളിക്കും” യുവി പറഞ്ഞു.

തന്റെ കരിയര്‍ അവസാനിപ്പിക്കുക, തനിക്ക് കളി മതിയാക്കണമെന്ന് തോന്നുമ്പോള്‍ മാത്രമായിരിക്കുമെന്നും യുവി പറഞ്ഞു. തന്റെ പ്രായത്തില്‍ സച്ചിന്‍ എങ്ങനെയാണ് കരിയറിനെ മാനേജ് ചെയ്തതെന്ന് അദ്ദേഹത്തില്‍ നിന്നും പഠിക്കുന്നുണ്ടെന്നും യുവി പറഞ്ഞു.

ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 37 റണ്‍സിനാണ് പരാജയപ്പെട്ടത്. 35 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്ത യുവിയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മാര്‍ച്ച് 28 ന് കോഹ്‌ലിയുടെ ബാംഗ്ലൂരുവാണ് മുംബൈയുടെ അടുത്ത എതിരാളികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook