കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ആരാധകർക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ മുൻ താരം യുവരാജ് സിങ് നടത്തിയ ജാതീയാധിക്ഷേപം. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിനിടയിൽ ചാഹലിനെ അധിക്ഷേപിക്കുന്ന തരത്തിലൊരു പരാമർശം യുവരാജ് നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഖേദം അറിയിച്ച് യുവരാജ് സിങ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഒരു ജാതീയ അസമത്വത്തിലും താൻ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്ന് യുവരാജ് പറഞ്ഞു. ഓരോ വ്യക്തിയെയും ബഹുമാനിക്കുന്നതായും തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും യുവരാജ് കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read: കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോടേയ്ക്ക്; അടുത്ത സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കും

“ജാതി, നിറം, മതം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലായാലും ഞാൻ ഒരു തരത്തിലുള്ള അസമത്വത്തിലും വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിനാണ് ഇത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി എന്റെ ജീവിതം നൽകുകയും അത് തുടരുകയും ചെയ്യുന്നയാളാണ് ഞാൻ. ജീവിതത്തിന്റെ അന്തസ്സിൽ വിശ്വസിക്കുകയും ഓരോ വ്യക്തിയെയും എല്ലാവരെയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് ഞാൻ.

എന്റെ സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ഞാൻ മനസിലാക്കുന്നു. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുകയോ വേദനിപ്പിച്ചിട്ടോ ഉണ്ടെങ്കിൽ, അതിനായി ഞാൻ ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയോടും അവിടുത്തെ എല്ലാ ജനങ്ങളോടുമുള്ള എന്റെ സ്നേഹം ശാശ്വതമാണ്,” യുവരാജ് ട്വിറ്ററിൽ കുറിച്ചു.

Also Read: ‘ബാഴ്‌സയയുടെ ആദ്യ മത്സരത്തിൽ മെസ്സിക്ക് പങ്കെടുക്കാനാവുമോ?’; ആശങ്ക പ്രകടിപ്പിച്ച് കാറ്റലൻ മാധ്യമങ്ങൾ

നേരത്തെ യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണവും പുരോഗമിക്കുകയാണ്. ദലിത് അവകാശ പ്രവർത്തകരടക്കം പരസ്യമായി യുവരാജിനെതിരെ രംഗത്ത് വന്നിരുന്നു. ഹരിയാനയിലെ ഹിസാറിലുള്ള ഹൻസി പൊലീസ് സ്റ്റേഷനിലാണ് യുവരാജിനെതിരെ അഭിഭാഷകൻ കൂടിയായ രജത് കൽസാൻ പരാതി നൽകിയത്.

താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാൻ ഇൻസ്റ്റഗ്രാം ലൈവിനിടെ യുവരാജ് ഉപയോഗിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് യുവരാജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. യുവരാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. നിരവധി ആരാധകരാണ് ട്വിറ്ററിൽ ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook