മുംബൈ: ഇന്ത്യയ്ക്കായി ഒരു ടി20 മാത്രമേ കളിച്ചിട്ടുള്ളൂ, അപ്പോഴേക്കും ശിവം ദൂബെ എന്ന മുംബൈക്കാരനെ ക്രിക്കറ്റ് ലോകം യുവരാജിന്റെ പിന്‍ഗാമിയായി വാഴ്ത്താന്‍ ആരംഭിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരൊയ ടി20 മത്സരത്തിന് മുന്നോടിയായി താരത്തന്റെ പ്രാക്ടീസ് വീഡിയോ വൈറലായതോടെയാണ് അടുത്ത യുവിയെന്ന പേര് ദൂബെയ്ക്ക് ലഭിച്ചത്.
യുവിയെപോലെ ഓള് റൗണ്ടറായ ദൂബെ കൂറ്റനടികള്ക്കും പേരുകേട്ടവനാണ്. എന്നാല്‍ താരത്തിന് ആദ്യ മത്സരത്തില്‍ ഒരു റണ്‍ മാത്രമാണ് നേടാനായത്.യുവരാജിന്റെ ടെക്നിക്കുകളുമായുള്ള സാമ്യമാണ് ദൂബെയ്ക്ക് അടുത്ത യുവി എന്ന പേര് നേടി കൊടുത്തത്. എന്നാല്‍ ഇത്തരം താരതമ്യങ്ങളൊന്നും നടത്തരുതെന്നാണ് സാക്ഷാല്‍ യുവരാജ് സിങ് പറയുന്ന്.
ഇത് താരതമ്യം നടത്താനുള്ള സമയമല്ലെന്നും ദൂബെ കരിയര്‍ തുടങ്ങിയതേയുള്ളൂവെന്നും യുവരാജ് പറഞ്ഞു. അതേസമയം, ദൂബെയ്ക്ക് വലിയ താരമായി മാറാനുള്ള കഴിവുണ്ടെന്നും ഇതിഹാസ താരം പറയുന്നു.
”അവനെ കരിയര്‍ തുടങ്ങാന്‍ അനുവദിക്കൂ. അവനൊരു നിലയില്‍ എത്തിയ ശേഷം മാത്രം ആരോടെങ്കിലും താരതമ്യം ചെയ്യാം. അവനെ എന്നോട് താരതമ്യം ചെയ്യേണ്ടതില്ല. അവന് സ്വന്തമായി പേരുണ്ടാക്കട്ടെ. അവന് അതിനുള്ള കഴിവുണ്ട്” മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യുവരാജ്.
രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി തുടരെ തുടരെ അഞ്ച് സിക്സുകള്‍ നേടിയാണ് ദൂബെ ആരാധകരുടെ ശ്രദ്ധ നേടുന്നത്. അവിടെനിന്നു താരം ഐപിഎല്ലിലെത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അഞ്ച് കോടിയ്ക്കാണ് ദൂബെയെ വാങ്ങിയത്.