ന്യൂഡൽഹി: ഒരു പതിറ്റാണ്ടിന് മുകളിലായി യുവരാജ് സിങ്ങിന്റെ പേരിലുള്ള ഒരു റെക്കോർഡുണ്ട്. കുട്ടിക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചുറി. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിലാണ് യുവരാജ് സിങ് അർധ സെഞ്ചുറി തികച്ചത്. സ്റ്റുവർട്ട് ബോർഡിന്റെ ഒരു ഓവറിലെ ആറു പന്തും ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച യുവിയുടെ വെടിക്കെട്ട് ഇന്നിങ്സ് ഇന്നും ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത നിമിഷങ്ങളിലൊന്നാണ്.
13 വർഷങ്ങൾക്കിപ്പുറവും കുട്ടിക്രിക്കറ്റിൽ വെടിക്കെട്ട് വീരന്മാർ ഒരുപാട് പേര് വന്നെങ്കിലും യുവിയുടെ റെക്കോർഡിന് ഒരനക്കവും സംഭവിച്ചില്ല. ബിഗ് ബാഷ് ലീഗിൽ ക്രിസ് ഗെയ്ൽ 12 പന്തിൽ 50 തികച്ചെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴും യുവിയുടെ പേരിൽ തന്നെയുള്ള റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള രണ്ട് ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് യുവി.
Also Read: നിങ്ങളാഗ്രഹിക്കുന്നതെന്തും ഞാൻ തരാം, ഇനി അത് വേണ്ട; ഓസിസ് ഇതിഹാസത്തിന് മുന്നിൽ ധോണി വച്ച ഓഫർ
വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്‌ലും ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ലിയേഴ്സും തന്റെ റെക്കോർഡ് മറി കടക്കുമെന്നാണ് കരുതിയിരുന്നതെന്ന് യുവരാജ് പറഞ്ഞു. അതേസമയം, ഇന്ത്യൻ താരം കെ.എൽ.രാഹുലിനും തന്റെ റെക്കോർഡ് തിരുത്താനാകുമെന്ന് യുവി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 പന്തിൽ അർധശതകം തികച്ച താരമാണ് രാഹുൽ. രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോൾ അത്ര സാധ്യമല്ലെങ്കിലും കെ.എൽ.രാഹുലിനും ഹാർദിക് പാണ്ഡ്യയ്ക്കും അതിനുള്ള പ്രാപ്തിയുണ്ടെന്നും യുവി വ്യക്തമാക്കി.
Also Read: ധോണിയും കോഹ്‌ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്
പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിനെ പ്രശംസിക്കുകയും ചെയ്തു. 2023 ലോകകപ്പിൽ ഇന്ത്യയ്ക്കുള്ള വലിയ മുതൽകൂട്ട് തന്നെയാകും പാണ്ഡ്യയെന്നും യുവരാജ് അഭിപ്രായപ്പെട്ടു. എന്നാൽ സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആരെങ്കിലും കൂടെ നിന്ന് പാണ്ഡ്യയെ ഒരുക്കണമെന്നും യുവി കൂട്ടിച്ചേർത്തു.
Also Read: നൈസായി സ്കൂട്ടാകും, ഓപ്പണറായി എത്തിയപ്പോൾ എട്ടിന്റെ പണിയാണ് ധവാൻ നൽകിയത്: രോഹിത് ശർമ
” ഹാർദിക് പാണ്ഡ്യയ്ക്ക് വളരെയധികം കഴിവുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ നന്നായി കളിക്കാൻ ആരെങ്കിലും അവന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ അടുത്ത ലോകകപ്പിന് പോകുമ്പോൾ ഇന്ത്യയുടെ മികച്ച മുതൽകൂട്ട് തന്നെയാകും പാണ്ഡ്യ,” യുവരാജ് പറഞ്ഞു.