മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യപ്റ്റനാക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. എം.എസ്. ധോണിയുടെ കാര്യം ഉദാഹരണമായി കാണിച്ചായിരുന്നു യുവരാജിന്റെ വാക്കുകള്‍. നിലവില്‍ രോഹിത് ശര്‍മയാണ് മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത്.
ഒരു നായകനെന്ന നിലയില്‍ പന്തിനെ വളര്‍ത്തിയെടുക്കണമെന്നാണ് യുവരാജിന്റെ അഭിപ്രായം. “ഒരാളെ തയാറാക്കി നിര്‍ത്തേണ്ടതുണ്ട്. മഹി (ധോണി) അപ്രതീക്ഷിതമായാണ് നായകനായത്. എന്നാല്‍ അത് ശരിയായ തീരുമാനമായിരുന്നെന്ന് കാലം തെളിയിച്ചു,” സ്പോര്‍ട്സ് 18 നില്‍ ‘ഹോം ഓഫ് ഹീറോസ്’ എന്ന പരിപാടിയില്‍ യുവരാജ് പറഞ്ഞു.
2007 ഏകദിന ലോകകപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് 26 കാരനായിരുന്ന ധോണിയിലേക്ക് നായക പദവിയെത്തിയത്. അനില്‍ കുംബ്ലെ വിരമിച്ചതിന് ശേഷം ധോണിയെ ടെസ്റ്റിലും നായകനാക്കി.
“പന്തിനെ പോലൊരു താരത്തെ നായകനാക്കുമ്പോള്‍ അയാള്‍ക്ക് ആവശ്യമായ സമയം അനുവദിക്കണമെന്നും യുവരാജ് അഭിപ്രായപ്പെട്ടു. ഭാവി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ സമയം നല്‍കണം. കേവലം ആറ് മാസത്തിനുള്ളില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്,” യുവരാജ് കൂട്ടിച്ചേര്‍ത്തു.
പന്തിന് പക്വതക്കുറവുണ്ടെന്ന വാദത്തേയും യുവരാജ് തള്ളി. “പന്തിന്റെ പ്രായത്തില്‍ എനിക്കും പക്വതയില്ലായിരുന്നു. വിരാട് കോഹ്ലി നായകനായ സമയത്ത് അദ്ദേഹത്തിനും പക്വതക്കുറവുണ്ടായിരുന്നു. എന്നാല്‍ കാലം മുന്നോട്ട് പോകുന്നതനുസരിച്ച് പന്തിന് മാറ്റമുണ്ടാകുന്നുണ്ട്. മറ്റുള്ളവരുടെ കാര്യമറിയില്ല, എനിക്ക് പന്താണ് ടേസ്റ്റ് ടീമിനെ നയിക്കാന്‍ യോഗ്യനെന്ന് തോന്നുന്നു,” യുവരാജ് വ്യക്തമാക്കി.
Also Read: 7,000 താരങ്ങള്‍, 24 ഇനങ്ങള്‍; പ്രഥമ കേരള ഗെയിംസ് മേയ് ഒന്ന് മുതല്‍