ഓഗസ്റ്റ് 13 ആഗോള തലത്തിൽ ഇടംകയ്യരുടെ ദിനമായാണ് ആഘോഷിക്കുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ കഴിവുകൾ ഇടംകയ്യിലൂടെ ചെയ്തും പ്രവർത്തിച്ചും വ്യത്യസ്തരായി നിൽക്കുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും ഒരു ഇടംകയ്യനാണ്. ഇടംകയ്യുപയോഗിച്ച് ബാറ്റ് ചെയ്യാനും പന്തെറിയാനും സാധിക്കുന്ന യുവി ഈ ദിനത്തിൽ ഇടംകൈക്കൊണ്ട് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച ഇതിഹാസ താരങ്ങൾക്ക് ആദരമർപ്പിച്ചു. നാല് താരങ്ങളെ തിരഞ്ഞെടുത്ത യുവി ആരാധകരോട് അവരുടെ പ്രിയപ്പെട്ട ഇടംകയ്യിൻ ഇതിഹാസങ്ങളെയും പട്ടികയിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് ഓസിസ് താരങ്ങളും ഒന്ന് വീതം ഇന്ത്യൻ, വെസ്റ്റ് ഇൻഡീസ് താരങ്ങളുമാണ് യുവിയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറ, ഓസിസ് താരങ്ങളായ ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, മുൻ ഇന്ത്യൻ നായകനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എന്നിവരെയാണ് യുവി തിരഞ്ഞെടുത്തത്. നാലുപേരുടെയും ചിത്രവും യുവി ട്വിറ്ററിൽ പങ്കുവച്ചു.

ഇതിന് പിന്നാലെ ഐപിഎൽ ടീമുകളും അവരുടെ പ്രധാന കരുത്തായ ഇടംകയ്യന്മാരെ പരിചയപ്പെടുത്തിയും അവർക്ക് ആദരം അർപ്പിച്ചും രംഗത്തെത്തി. വരാട് കോഹ്‌ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കിങ്സ് ഇലവൻ പഞ്ചാബ്. സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇത്തരത്തിൽ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook