/indian-express-malayalam/media/media_files/uploads/2018/04/ghambhir-ddd-horz.jpg)
ഡല്‍ഹി: പഞ്ചാബ് കിങ്‌സ് ഇലവനെതിരേ നടന്ന ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇന്നലെ വീണ്ടും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അവസാനപന്തുവരെ ആവേശം ഉയര്‍ത്തിയ മത്സരത്തില്‍ നാലുറണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. അവസാനപന്തില്‍ ജയിക്കാന്‍ അഞ്ചുറണ്‍സായിരുന്നു ഡല്‍ഹിക്കുവേണ്ടയിരുന്നത്. എന്നാല്‍ മുജീബുര്‍ റഹ്‌മാനെ സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ഡല്‍ഹിയുടെ പ്രതീക്ഷയായിരുന്ന ശ്രേയസ് അയ്യര്‍ ബൗണ്ടറി ലൈനില്‍ ആരോണ്‍ ഫിഞ്ച് പിടിച്ചു പുറത്തായി.
ഇരു ടീമുകളിലും മികച്ച താരങ്ങളുമായാണ് അണിനിരന്നത്. ഇതില്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ന്നത് മുതിര്‍ന്ന താരങ്ങളായ യുവരാജ് സിങ്ങിലും ഗൗതം ഗംഭീറിലും ആയിരുന്നു. ഡല്‍ഹിയുടെ നായകനാണ് ഗംഭീറെങ്കില്‍ പഞ്ചാബിന്റെ പ്രതീക്ഷയായിരുന്നു യുവരാജ്. എന്നാല്‍ ഇരുവരും ഈ സീസണില്‍ മോശം പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. കാലങ്ങളായി മോശം ഫോം തുടരുന്ന യുവരാജിനേയും ഗംഭീറിനേയും പിരിച്ചു വിടേണ്ട സമയമായെന്നാണ് ആരാധകരുടെ പക്ഷം. ഇന്നലത്തെ മത്സരത്തിന് പിന്നാലെ ഇത് വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
പഴയ കുതിരകളുടെ കാലം കഴിഞ്ഞെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പ് ഹീറോകളായ രണ്ട് പേരും ഇത് പോലെ കളിക്കുന്നത് കാണേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 2011ലെ ലോകകപ്പിലെ മികച്ച താരങ്ങളായിരുന്നു ഇരുവരും. ഇന്നലെ ഗംഭീര്‍ 13 പന്തില്‍ നിന്ന് 4 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം യുവരാജ് 17 പന്തില്‍ നിന്ന് 14 റണ്‍സും നേടി പുറത്തായി.
2018 ഐപിഎലില്‍ നാല് മത്സരങ്ങളില്‍ നിന്നായി യുവരാജ് വെറും 50 റണ്‍സാണ് നേടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 85 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം.
ഇന്നലെ ആദ്യം ബാറ്റ് ചെയ്‌ത കിങ്‌സ് ഇലവന്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 143 റണ്ണെടുത്തു. ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണര്‍ ലോകേഷ് രാഹുലും (15 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 23) മൂന്നാമനായ മായങ്ക് അഗര്‍വാളും (16 പന്തില്‍ മൂന്ന് ഫോറുകളടക്കം 21) ചേര്‍ന്നാണ് ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. രാഹുലിനെ ലിയാം പ്ലങ്കറ്റ് ആവേഷ് ഖാന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് തകര്‍ത്തു. കര്‍ണാടക മലയാളി കരുണ്‍ നായരും (32 പന്തില്‍ 34) ഡേവിഡ് മില്ലറും (19 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 26) ചേര്‍ന്നതോടെയാണു സ്‌കോര്‍ 100 കടന്നത്. ഡെയര്‍ഡെവിള്‍സിനു വേണ്ടി പ്ലങ്കറ്റ് മൂന്നു വിക്കറ്റും ആവേഷ് ഖാനും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു. ഡാന്‍ ക്രിസ്‌റ്റിനാണ് ഒരു വിക്കറ്റ് നേടിയത്.
പഞ്ചാബ് നിരയില്‍ 10 പന്തില്‍ 22 റണ്‍സ് നേടിയ പൃഥ്വി ഷാ, 21 പന്തില്‍ 24 റണ്‍സ് നേടിയ രാഹുല്‍ തെവാത്യ എന്നിവരും തിളങ്ങി. രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തിയ രാജ്‌പുത്ത്, മുജീബുര്‍ റഹ്‌മാന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ പഞ്ചാബിനു വേണ്ടി മികച്ച ബൗളിങ് കാഴ്‌ചവച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.