ന്യൂഡൽഹി: മരണക്കളിയായിരുന്നു ഇന്നലെ മുംബൈ ഇന്ത്യൻസിന്റേത്. ജയിക്കുക അല്ലെങ്കിൽ പുറത്ത് പോവുക എന്ന നിലയിലായിരുന്നു അവർ. പഞ്ചാബ് റൺമലയൊന്നും താണ്ടിയില്ലെങ്കിലും മുംബൈ കരുതലോടെ ബാറ്റ് വീശിയാണ് മുന്നേറിയത്. അവസാന ഓവറിൽ കൃണാൽ പാണ്ഡ്യ തീർത്ത വെടിക്കെട്ടോടെ അവർ വിജയതീരത്ത് അടുക്കുകയും ചെയ്തു. നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലായിരുന്ന മുംബൈ പിന്നീടുളള മൂന്ന് ഓവറിൽ നിന്ന് മാത്രം 50 റൺസ് നേടി.

ഓരോവറിൽ ശരാശരി 16 റൺസിന് മുകളിലായിരുന്നു മുംബൈ താരങ്ങൾ അവസാന മൂന്ന് ഓവറിൽ നേടിയത്. 17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 20 റൺസും 19-ാം ഓവറിൽ 17 റൺസും നേടി മുംബൈ വിജയതീരത്തേക്ക് പാഞ്ഞടുത്തു.

തങ്ങളുടെ നിയന്ത്രണത്തിലായിരുന്ന മത്സരം കൈവിടുന്നത് നോക്കിനിൽക്കാനേ പഞ്ചാബ് താരങ്ങൾക്കായുളളൂ. ഒരു തോൽവിയൊന്നും പഞ്ചാബിനിപ്പോഴും വിഷയമേയല്ല. എട്ട് കളിയിൽ അഞ്ചും ജയിച്ച് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുളള അവർക്ക് പുറകിൽ നാല് പോയിന്റ് അകലെയാണ് മുംബൈ ഉളളത്. അതുകൊണ്ട് തന്നെ മത്സരം തോറ്റതിന്റെ കടുത്ത നിരാശയൊന്നും പഞ്ചാബ് താരങ്ങൾക്കുണ്ടായിരുന്നില്ല. മൽസരം ആസ്വദിച്ച് കളിച്ചാണ് കിങ്സ് ഇലവൻ കീഴടങ്ങിയതും.

എന്നാൽ മൽസരം മുംബൈ ജയിച്ച ശേഷം ഹസ്തദാനം നൽകാൻ യുവ്‌രാജിന് സമീപമെത്തിയ രോഹിത് ശർമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച യുവ്‌രാജിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

തന്റെ സഹജമായ തമാശക്കളി മൈതാന മധ്യത്തിൽ പുറത്തെടുക്കുകയായിരുന്നു യുവി. കഴുത്തിൽ നിന്ന് കൈയെടുത്ത ശേഷം കെട്ടിപ്പിടിച്ച് ഹസ്തദാനം ചെയ്താണ് താരങ്ങൾ ഇരുവരും തങ്ങളുടെ പവലിയനുകളിലേക്ക് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook