എംഎസ് ധോണിയെ കാപ്റ്റനായി സെലക്ടർമാർ തീരുമാനിക്കുന്നതിന് മുമ്പ് 2007 ലെ ടി 20 ലോകകപ്പിനായി തന്നെ കാപ്റ്റനായി തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി യുവരാജ് സിങ്. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ തുടങ്ങിയ മുതിർന്ന താരങ്ങൾ 2007 ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ടീമിനെ നയിക്കാനാവുമെന്ന് താൻ കരുതിയതായി യുവരാജ് സിങ് പറഞ്ഞു.
“ഇന്ത്യൻ ക്രിക്കറ്റിൽ വളരെയധികം കോളിളക്കമുണ്ടായ സമയമായിരുന്നു അത്, തുടർന്ന് രണ്ട് മാസത്തെ ഇംഗ്ലണ്ട് പര്യടനവും ദക്ഷിണാഫ്രിക്കയിലും അയർലൻഡിലും കൂടിയായി ഒരു മാസത്തെ പര്യടനവും ഉണ്ടായിരുന്നു. പിന്നെ ഒരു മാസം ടി 20 ലോകകപ്പ് ഉണ്ടായിരുന്നു. അതിനാൽ നാട്ടിൽ നിന്ന് നാല് മാസം അകലെയായിരുന്നു,” യുവരാജ് 22 യാർൺസ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.
“അതിനാൽ ഒരുപക്ഷേ സീനിയേഴ്സ് തങ്ങൾക്ക് ഒരു ഇടവേള ആവശ്യമാണെന്ന് കരുതി. ആരും ടി 20 ലോകകപ്പിനെ ഗൗരവമായി എടുത്തില്ല. ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകനാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. തുടർന്ന് എംഎസ് ധോണിയെ നായനാക്കി പ്രഖ്യാപിക്കപ്പെട്ടു,” 2019 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് പറഞ്ഞു.
“അതെ, വ്യക്തമായും, ആരാണ് ക്യാപ്റ്റനാകുന്നത്, ആ വ്യക്തിയെ പിന്തുണയ്‌ക്കേണ്ടിവന്നു, അത് രാഹുലോ ഗാംഗുലിയോ ആയാലും ഭാവിയിൽ ആരായാലും, അവസാനം നിങ്ങൾ ഒരു ടീം അംഗം ആകാൻ ആഗ്രഹിക്കുന്നു, ഞാൻ അങ്ങനെയായിരുന്നു, ”അദ്ദേഹം പറഞ്ഞു.
മുതിർന്ന കളിക്കാരുടെ അഭാവത്തിൽ 2007 ലെ ടി 20 ലോകകപ്പ് ടീമിൽ ഇന്ത്യക്കാരായ രോഹിത് ശർമ, റോബിൻ ഉത്തപ്പ, ശ്രീശാന്ത്, ജോഗീന്ദർ ശർമ, പീയൂഷ് ചൗള എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. 26 കാരനായ ധോണിക്ക് ആദ്യമായി ടീമിന്റെ ചുമതല നൽകുകയും ചെയ്തു.
തന്റെ തലമുറയിലെ ഏറ്റവും മികച്ച വൈറ്റ്-ബോൾ ക്രിക്കറ്റ് കളിക്കാരിലൊരാളായ യുവരാജ് 2017 ജൂൺ 30 ന് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലാണ് ഇന്ത്യൻ ടീമിനായി തന്റെ അവസാന മത്സരം കളിച്ചത്. 2019 ജൂൺ 10 നാണ് യുവരാജ് വിരമിച്ചത്.