ന്യൂഡല്‍ഹി: 2019 ജൂണിലായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലോക ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന താരം പല തവണ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ യുവരാജിന് ഇനിയും കളിയില്‍ തുടരാനുള്ള മികവുണ്ടെന്നും ഒരു പരമ്പരയുടെ ഭാഗാമായിട്ട് വിരമിക്കാമായിരുന്നു എന്നുമാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും അന്ന് വിലയിരുത്തിയത്.
എന്നാല്‍ പിന്നീട് ആരാധകര്‍ക്ക് പ്രിയപ്പെട്ട യുവിയെ ഇന്ത്യയുടെ നീല കുപ്പായത്തില്‍ കാണാന്‍ സാധിച്ചില്ല. പിന്നീട് അഭ്യന്തര ക്രിക്കറ്റിനോടും താരം വിട പറഞ്ഞു. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) അനുമതി ലഭിച്ചതിന് ശേഷം ലോകത്തിലെ വിവിധ ട്വന്റി 20 ലീഗുകളില്‍ യുവി സാന്നിധ്യം അറിയിച്ചിരുന്നു. ഈ വര്‍ഷം നടന്ന റോഡ് സേഫ്റ്റി ട്വന്റി 20 സിരീസില്‍ താരത്തിന്റെ മികവ് ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചിരുന്നു.
ആരാധകര്‍ക്ക് ആവേശം പകരുന്ന ഒരു സൂചന യുവരാജ് അറിയിച്ചിരിക്കുകയാണ്. ഒരിക്കല്‍ കൂടി പാഡണിയാന്‍ ഇടം കൈയന്‍ ബാറ്റര്‍ ഒരുങ്ങുന്നു. 39 കാരനായ യുവരാജ് അടുത്ത ഫെബ്രുവരിയോടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് യുവി ഇക്കാര്യം അറിയിച്ചത്.
“ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുവായുള്ള ആവശ്യപ്രകാരം ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തിരച്ചു വരവിന്റെ അത്രയും ഉണര്‍വ് നല്‍കുന്ന ഒന്നില്ല. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഇത് എനിക്ക് വളരെയധികം വിലപ്പെട്ടതാണ്. ഇന്ത്യയെ പിന്തുണയ്ക്കുക. യഥാര്‍ത്ഥ ആരാധകര്‍ മോശം സമയങ്ങളിലും ടീമിനൊപ്പം ഉണ്ടാകും,” യുവരാജ് പറഞ്ഞു.