/indian-express-malayalam/media/media_files/uploads/2019/07/yuvi-interview.jpg)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റിനെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല യുവരാജ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ ടൊറന്റോ നാഷണല്‍സിനെ നയിക്കുന്നത് യുവിയാണ്. കഴിഞ്ഞ ദിവസം ടീമിന് ജയമൊരുക്കുന്നതില്‍ യുവി നിര്‍ണായക പങ്കും വഹിച്ചിരുന്നു.
ഇതിനിടെ രസകരമായൊരു സംഭവവുമുണ്ടായി. മഴമൂലം കളി തുടങ്ങാന്‍ അല്‍പ്പം വൈകിയിരുന്നു. ഈ സമയം രണ്ട് ടീമിലെ താരങ്ങള്‍ പരിശീലനം നടത്തുകയായിരുന്നു. എന്നാല്‍ എഡ്മണ്ട് റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ് അഭിമുഖം നല്‍കുകയായിരുന്നു. എറിന്‍ ഹോളണ്ടായിരുന്നു അവതാരക. ഇരുവരും നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് എന്‍ഗേജ്‌മെന്റ് നടത്തിയത്.
രണ്ടു പേരും ഒരുമിച്ച് വന്നതോടെ യുവരാജ് തനി സ്വഭാവം പുറത്തെടുത്തു. ഇന്റര്‍വ്യൂവിനിടയില്‍ രണ്ട് പേര്‍ക്കിടയിലേക്ക് കടന്നു വന്ന യുവി എപ്പോഴാണ് നിങ്ങളുടെ കല്യാണം എന്ന് ചോദിച്ച ശേഷം ഓടിപ്പോവുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
When @YUVSTRONG12 crashed an interview and asked the most important question to @Cuttsy31 and @erinvholland! br>HOWZZAT?#GT2019#ERvsTN#YuvrajSingh#Canada#Bramptonpic.twitter.com/l5rqONTki2
— GT20 Canada (@GT20Canada) July 27, 2019
അതേസമയം ആദ്യ മത്സരത്തില്‍ നാഷണല്‍സ് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ്. മന്‍പ്രീത് ഗോണിയുടെ 12 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ വെടിക്കെട്ട് പ്രകടനമാണ് എഡ്മന്റണ്‍ റോയല്‍സിനെതിരെ നാഷണല്‍സിന് ജയം നേടിക്കൊടുത്തത്.
ആദ്യ മത്സരത്തില്‍ തിളങ്ങാതെ പോയ യുവിയും രണ്ടാമത്തെ കളിയില്‍ മിന്നിത്തിളങ്ങി. 21 പന്തുകളില്‍ നിന്നും 35 റണ്‍സാണ് യുവി നേടിയത്. നാലാം ഓവറില്‍ സ്‌കോര്‍ 29-2 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു യുവി ക്രീസിലെത്തിയത്. ബൗണ്ടറിയോടെയാണ് താരം തുടങ്ങിയത് തന്നെ. പിന്നെ ഹെയ്ന്റിച്ച് ക്ലാസനുമൊത്ത് മികച്ചൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പാക്ക് താരം ഷദാബ് ഖാനെ മനോഹരമായൊരു സിക്‌സിനും യുവി പറത്തി.
യുവിയുടെ സിക്‌സ് ഹിറ്റായെങ്കിലും കളിയിലെ താരം മന്‍പ്രീത് ഗോണിയാണ്. 14-ാം ഓവറിലായിരുന്നു ഗോണി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ 124-6 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ താരം ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു. ജയിക്കാന്‍ 27 വേണ്ടി വരുമ്പോഴാണ് ഗോണി പുറത്താകുന്നത്. പിന്നാലെ വന്നവര്‍ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.