ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക്കിസ്ഥാൻ മൽസരത്തിലെ റിയൽ ഹീറോയാണ് യുവരാജ് സിങ്. കളി കൊണ്ട് മാത്രമല്ല തന്റെ പ്രവൃത്തി കൊണ്ട് കൂടിയാണ് യുവരാജ് കാണികളുടെ പ്രിയതാരമായത്. തന്റെ ഒറ്റ പ്രവൃത്തിയിലൂടെ ഇന്ത്യൻ ആരാധകരുടെ മാത്രമല്ല പാക്ക് ആരാധകരുടെയും മനം കവർന്നു യുവരാജ്.

മൽസരത്തിലെ 46-ാം ഓവറിൽ പരുക്കേറ്റ് പാക്ക് ബോളർ വഹാബ് റിയാസ് നിലത്തിരുന്നു. വേദന കൊണ്ട് പുളയുകയായിരുന്ന വഹാബിന്റെ അടുത്തേക്ക് യുവിയെത്തി. സാന്ത്വന വാക്കുകളുമായി യുവിയെത്തിയതു കണ്ടപ്പോൾ പാക്ക് ആരാധകർക്കും സന്തോഷം അടക്കാനായില്ല. അവർ ഇരു കൈയ്യും അടിച്ചാണ് യുവിയോടുളള കടപ്പാട് അറിയിച്ചത്. യുവരാജിന്റെ ഈ പെരുമാറ്റം ഇരുരാജ്യങ്ങളിലെയും കളിക്കാർക്കും കൂടി മാതൃകയായി. ഇന്ത്യ-പാക്ക് മൽസരത്തെച്ചൊല്ലി ഇന്ത്യയിൽ കോലാഹലങ്ങൾ നടക്കുമ്പോഴാണ് യുവരാജിന്റെ ഈ സ്നേഹപ്രകടനം.

പനിമൂലം ബംഗ്ലാദേശിനെതിരെയും ന്യൂസിലൻഡിനെതിരെയുമുളള സന്നാഹ മൽസരം കളിക്കാതെയാണ് യുവി പാക്കിസ്ഥാനെതിരെയുളള മൽസരത്തിനിറങ്ങിയത്. 32 പന്തിൽനിന്നും 53 റൺസാണ് യുവരാജ് എടുത്തത്. എട്ടുഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. കളിയിലെ മാൻ ഓഫ് ദി മാച്ചും യുവിയായിരുന്നു. തനിക്കു കിട്ടിയ പുരസ്‌കാരം അര്‍ബുദരോഗം അതിജീവിച്ചവര്‍ക്കും ലണ്ടനിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും സമര്‍പ്പിക്കുന്നുവെന്നുമാണ് സമ്മാനം സ്വീകരിക്കാനെത്തിയപ്പോൾ യുവി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ