മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് വീണ്ടും ക്രിക്കറ്റിന്റെ മൈതാനത്ത്. കഴിഞ്ഞ മാസം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിങ് കാനഡയിൽ നടക്കുന്ന ഗ്ലോബൽ ടി 20 ടൂർണമെന്റിലൂടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ടി20 – ഏകദിന ലോകകപ്പ് ജയങ്ങളിൽ നിർണായക പങ്കുവഹിച്ച യുവരാജ് കഴിഞ്ഞ ജൂൺ 10നാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വിരമിച്ചതോടെ ബിസിസിഐയുമായുള്ള എല്ലാ ബന്ധങ്ങളും യുവരാജ് അവസാനിപ്പിച്ചിരുന്നു. ഇതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന ഏത് ലീഗിലും പങ്കെടുക്കുന്നതിനുള്ള അവസരവും യുവരാജിന് ലഭിച്ചു. വിരമിക്കലിന് ശേഷം ഇത്തരത്തിൽ യുവരാജ് ആദ്യം തിരഞ്ഞെടുത്തത് ഗ്ലോബൽ ടി20 ടൂർണമെന്റാണ്.

യുവരാജിന് പുറമെ ടി20 ക്രിക്കറ്റിലെ വമ്പന്മാരെല്ലാം കാനഡയിൽ ബാറ്റ് വീശുന്നുണ്ട്. വിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ, കെയ്റോൺ പൊള്ളാർഡ്, ആന്ദ്രെ റസൽ, ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം, ജെയിംസ് നീഷം, കെയ്ൻ വില്യംസൺ, എന്നിവർ ലീഗിൽ മത്സരിക്കുന്നുണ്ട്. മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണ് ടൂർണമെന്റിന്രെ മറ്റൊരു ആകർഷണം.

അതേസമയം, വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ തിളങ്ങാൻ യുവരാജ് ഉൾപ്പടെയുള്ള വെടിക്കെട്ട് താരങ്ങൾക്ക് സാധിച്ചില്ല. ബ്രാംടണില്‍ നടന്ന ആദ്യ മത്സരത്തില്‍ യുവരാജ് സിങ് നയിക്കുന്ന ടൊറാണ്ടോ നാഷണല്‍സിന് തോല്‍വി വഴങ്ങേണ്ടി വന്നു. മക്കല്ലവും ടൊറാണ്ടോ ടീമിലാണ്. ബ്രണ്ടന്‍ മക്കല്ലം നാല് റണ്‍സെടുത്ത് പുറത്തായപ്പോള്‍ യുവരാജിന് നേടാനായത് 27 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രം.

Also Read: യുവരാജും ക്രിസ് ഗെയ്‌ലും തിളങ്ങിയില്ല; മക്കല്ലവും പരാജയപ്പെട്ടു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ററായ യുവരാജ് സിങ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം തുടരാന്‍ യുവിക്കായില്ല. 2012ലാണ് കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 2017ൽ അദ്ദേഹം ഏകദിനങ്ങളും കളിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook