ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആത്മ മിത്രങ്ങളാണ് യുവരാജ് സിങ്ങും ആശിഷ് നെഹ്റയും. ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമിന്‍റെ പ്രതിനിധികളായാണ് ഇരുവരും കളിക്കുന്നതെങ്കിലും പരസ്‌പരം കണ്ടുമുട്ടിയാല്‍ സ്നേഹം പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയുമില്ല. ഈ സീസണില്‍ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് കളിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച നെഹ്റ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ബോളിങ് കോച്ചാണ്. ഇന്‍ഡോറില്‍ ബാംഗ്ലൂര്‍-പഞ്ചാബ് മൽസരം നടക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ കണ്ടു മുട്ടിയപ്പോള്‍ വളരെ രസകരമായാണ് ഇരുവരും സൗഹൃദം പുതുക്കിയത്.

ഐപിഎല്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് യുവരാജും നെഹ്റയും പരസ്‌പരം നൃത്തം ചെയ്തും കെട്ടിപിടിച്ചും സ്നേഹം പ്രകടിപ്പിക്കുന്നത്.

കളിക്കളത്തിലും പുറത്തും വളരെ രസകരമാണ് യുവരാജിന്‍റെയും നെഹ്റയുടെയും പെരുമാറ്റങ്ങള്‍. രാജ്യാന്തര ക്രിക്കറ്റിലെ നെഹ്റയുടെ ആദ്യത്തെ കളി 1999ല്‍ ശ്രീലങ്കയ്ക്കെതിരെയാണ്, യുവരാജിന്‍റെയാകട്ടെ 2000 ല്‍ കെനിയയ്ക്കെതിരെയും. 2011 ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ രണ്ടുപേരും പങ്കാളികളായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് കളിച്ച ശേഷം വികാരപരമായിരുന്നു നെഹ്റയുടെ വിടവാങ്ങല്‍.

ന്യൂസിലൻഡിനെതിരെ ഡല്‍ഹിയില്‍ ഫിറോസ്‌ ഷാ സ്റ്റേഡിയത്തിലായിരുന്നു നെഹ്റയുടെ വിരമിക്കല്‍ മൽസരം. അന്ന് സങ്കടത്തോടെയാണ് യുവരാജ് നെഹ്റയ്ക്ക് ആശംസകള്‍ നേര്‍ന്നത്. നെഹ്റയോടുള്ള സ്‌നേഹം കാരണം ഫെയ്സ്ബുക്കിലൂടെ പഴയ ഓര്‍മകള്‍ പങ്കുവയ്ക്കാനും യുവരാജ് മറന്നില്ല.

“ആശിഷ് നെഹ്റ -എന്‍റെ ഉറ്റ ചങ്ങാതിയെപ്പറ്റി എനിക്കാദ്യം പറയാനുള്ളത് അദ്ദേഹം വളരെ സത്യസന്ധനായ വ്യക്തിയാണ്. ഒരു വിശുദ്ധ പുസ്തകത്തിന്‌ മാത്രമേ അദ്ദേഹത്തെക്കാള്‍ സത്യസന്ധമായിരിക്കാന്‍ സാധിക്കൂ. ഈ പോസ്റ്റ്‌ കണ്ടിട്ട് ഒരുപാട് പേരുടെ വാതുറന്നും കണ്ണ് തള്ളിയും പോകുമെന്നെനിക്കറിയാം.” യുവരാജ് തന്‍റെ പോസ്റ്റില്‍ കുറിച്ചു.

“ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത് എന്‍റെ അണ്ടര്‍-19 മൽസരത്തിന്‍റെ വേളയിലാണ്. ഹര്‍ഭജന്‍ സിങ്ങിന്‍റെ റൂമിലായിരുന്നു അദ്ദേഹവും. ഞാന്‍ ഭാജിയെ കാണാന്‍ പോയപ്പോഴാണ് ഈ മെലിഞ്ഞ പൊക്കമുള്ള മനുഷ്യനെ ആദ്യമായി കാണുന്നത്. ഒരിക്കലും അടങ്ങി നില്‍ക്കാന്‍ സാധിക്കാത്ത ഒരാള്‍. ചൂടായി നില്‍ക്കുന്ന ഒരു ടിന്‍ റൂഫിനു മുകളില്‍ പെട്ട ഒരു പൂച്ചയെ പോലെയായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റം. ചിലപ്പോള്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് ചാടിയെണീറ്റ് സ്ട്രെച്ച് ചെയ്യും, അല്ലെങ്കില്‍ മുഖം വിറയ്പ്പിക്കും, അതുമല്ലെങ്കില്‍ കണ്ണുരുട്ടി കൊണ്ടിരിക്കും. ഞാനാദ്യം കരുതിയത് അദ്ദേഹത്തിന്‍റെ പാന്റിനുള്ളില്‍ ആരോ ഉറുമ്പിനെ പിടിച്ചിട്ടു എന്നാണ്. അതൊക്കെ വളരെ രസകരമായ നിമിഷങ്ങളായിരുന്നു”

കൂടാതെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നെഹ്റയെ ‘പോപറ്റ്’ എന്നാണ് വിളിച്ചിരുന്നത് എന്ന് പറയാനും യുവരാജ് മറന്നില്ല. “അഷു ഒരുപാട് സംസാരിക്കുമായിരുന്നതുകൊണ്ട് സൗരവ് അവനെ പോപറ്റ് എന്നാണ് വിളിച്ചിരുന്നത്. എന്താണെന്ന് വച്ചാല്‍ വെള്ളത്തിന്‍റെ അടിയില്‍ നിന്ന് പോലും അവന് സംസാരിക്കാന്‍ സാധിക്കുമായിരുന്നു. വളരെ ആഹ്ളാദകരമായിരുന്നു അതൊക്കെ. എനിക്കാണെങ്കില്‍ അവന്‍ സംസാരിക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു. അവന്‍റെ ശരീര ഭാഷ തന്നെ എന്നെ ഒരുപാട് ചിരിപ്പിക്കുമായിരുന്നു.”

ഏകദിന മൽസരങ്ങളില്‍ 157 വിക്കറ്റും ടെസ്റ്റില്‍ 44 വിക്കറ്റും ട്വന്റി-ട്വന്റിയില്‍ 34 വിക്കറ്റുമാണ് നെഹ്റയുടെ പേരിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ